

അത്തം പിറന്നാല്‍ പത്താം നാള്‍ ഓണം എന്നതാണ് ചൊല്ല്. ഇക്കുറി പക്ഷേ, അത്തം പിറന്ന് പതിനൊന്നാം നാളിലാണ് ഓണമെത്തുന്നത്. അതിലേക്കുള്ള അവസാനവട്ട ഒരുക്കത്തിന്റെ, ഉത്രാടപ്പാച്ചിലിന്റെ ദിനമാണിന്ന്. സദ്യക്കുള്ളതെല്ലാം അടുപ്പിക്കണം, ഓണക്കോടി വാങ്ങണം, നിറയെ ഓഫറും ഡിസ്ക്കൗണ്ടുമൊക്കെയുള്ളപ്പോള്‍ വീട്ടിലേക്ക് പുതിയത് എന്തെങ്കിലും വാങ്ങാനുള്ള സമയം കൂടിയാണ് ഓണം.
തിരുവോണ സദ്യക്കായുള്ള വട്ടം കൂട്ടുകയാണ് പ്രധാനം. പച്ചക്കറി കടകളിലും പലവ്യഞ്ജന കടകളിലും കയറിയിറങ്ങി ആവശ്യമായ സാധനങ്ങള്‍ ഉറപ്പാക്കണം. പൂക്കടകളില്‍ പോയി പൂക്കളത്തിനുള്ള പൂക്കള്‍ മേടിക്കണം. ഓണക്കോടി വാങ്ങാനുള്ള അവസാന തിരക്കുകളില്‍, വസ്ത്രക്കടകളിലും നിന്നു തിരിയാനാവാത്ത സ്ഥിതിയായിരിക്കും. രാവിലെ തുടങ്ങി, ഉച്ചയോടെ തിരക്കേറി, രാത്രി വൈകിയും ആ പാച്ചില്‍ തുടരും എന്നതാണ് ഉത്രാട വിപണിയുടെ പ്രത്യേകത.
പണ്ടൊക്കെ ഗ്രാമച്ചന്തകളിലെ തിരക്കായിരുന്നു ഉത്രാടപാച്ചില്‍ എങ്കില്‍, ഇന്നത് നഗരങ്ങളിലേക്ക് മാറിയിട്ടുണ്ട്. എല്ലാത്തിനും പല കടകള്‍ കയറിയിറങ്ങുന്ന സാഹചര്യവും ഒഴിവായിട്ടുണ്ട്. മാളുകളും, സൂപ്പര്‍മാര്‍ക്കറ്റുകളും, ഹൈപ്പര്‍ മാര്‍ക്കറ്റുകളുമൊക്കെ വിപണി സ്വഭാവത്തെ തന്നെ മാറ്റിയിട്ടുണ്ട്. ഇതിനൊപ്പം ഓണ്‍ലൈന്‍ വില്‍പ്പനയും പൊടിപൊടിക്കുന്നുണ്ട്. ഓഫ് ലൈന്‍, ഓണ്‍ലൈന്‍ കച്ചവടത്തിനൊപ്പം പച്ചക്കറിയും, പൂക്കളും, വസ്ത്രങ്ങളുമൊക്കെ നിറയുന്ന വഴിയോരക്കച്ചടവവും ഇല്ലാതില്ല.
പച്ചക്കറിയും, പൂക്കളും, പുതിയ വസ്ത്രങ്ങളിലുമായി മാത്രമായി ഒതുങ്ങുന്നതല്ല ഓണക്കാല കച്ചവടം. പുത്തന്‍ വസ്ത്രങ്ങള്‍ കൂടാതെ ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് വില്‍പ്പനയും ഓണക്കാലത്ത് പൊടി പൊടിക്കും. എവിടെ നോക്കിയാലും ഡിസ്‌കൗണ്ട് മേളകൾ. തങ്ങളുടെ ഉല്പന്നങ്ങള്‍ പരമാവധി വിറ്റഴിക്കാന്‍ എത്രത്തോളം വിലകുറയ്ക്കാമെന്ന മത്സരത്തിലാകും നിർമാതാക്കളും വിപണനക്കാരും.
ബോണസും ഉത്സവബത്തയുമൊക്കെ കിട്ടുന്ന കാലത്തെ പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് വിപണി സജ്ജമാക്കിയിരിക്കുന്നത്. ചിങ്ങപ്പിറവി മുതല്‍ വാര്‍ത്താമാധ്യമങ്ങളില്‍ പരസ്യങ്ങളുടെ മേളമാണ്. സെലിബ്രിറ്റികളെ തന്നെ രംഗത്തിറക്കിയാണ് ആകര്‍ഷകമായ പരസ്യങ്ങള്‍. എക്‌സ്‌ചേഞ്ച് മേളകളും കോംബോ ഓഫറുകളും, വമ്പന്‍ വിലക്കുറവുകളും, ക്യാഷ് ബാക്കുകളും, ഗിഫ്റ്റുകളും, ബംപര്‍ സമ്മാനങ്ങളും തുടങ്ങി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുളള എല്ലാ തന്ത്രങ്ങളും വിപണിയില്‍ പയറ്റപ്പെടുന്ന കാലം കൂടിയാണ് ഓണം.
അതേസമയം, ഇക്കുറി ഓണത്തിന് മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി പലയിടത്തും കനത്ത മഴയുണ്ട്. ഉത്രാടപ്പാച്ചിലിനെ മഴ ബാധിക്കുമോ എന്ന ആശങ്കയും ഇല്ലാതില്ല.