
യുഡിഎഫിനെ തിളക്കമാർന്ന വിജയത്തിൽ അധികാരത്തിൽ എത്തിക്കാൻ സാധിച്ചിലെങ്കിലാണ് താൻ വനവാസത്തിന് പോകുമെന്ന് പറഞ്ഞതെന്ന് വിശദീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
"അത് ഞങ്ങളുടെ ആത്മവിശ്വാസമാണ്, അത് മുന്നണിയുടെ ശക്തിയാണ്. ഏത് തരത്തിലുള്ള വർഗീയ പ്രചാരണത്തെയും യുഡിഎഫ് ശക്തമായി എതിർക്കും. ഇതിന് പിന്നിൽ സിപിഐഎമ്മാണ്. ലീഗിന് എതിരെ നിന്ന എല്ലാ വർഗീയ ശക്തികളെയും ഒപ്പം ചേർത്തവരാണ് സിപിഐഎം," വി.ഡി. സതീശൻ പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് 98 സീറ്റുകൾ നേടി അധികാരത്തിലെത്തിയാൽ താൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കാൻ തയാറാണെന്ന് വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചിരുന്നു. മറിച്ചായാൽ വി.ഡി. സതീശൻ പദവികൾ രാജിവെച്ച് രാഷ്ട്രീയ വനവാസത്തിന് പോകണമെന്ന് വെള്ളാപ്പള്ളി നടേശൻ വെല്ലുവിളിച്ചിരുന്നു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വെല്ലുവിളി ഏറ്റെടുത്താണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ഇത്തരമൊരു പരാമർശം നടത്തിയത്. കഠിനാധ്വാനം ചെയ്ത് യുഡിഎഫിന് 100 സീറ്റിന് മുകളിൽ എത്തിക്കാൻ കഴിയുമെന്നും സതീശൻ തിങ്കളാഴ്ച മറുപടി നൽകിയിരുന്നു.
രാജ്യത്തുടനീളം ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുണ്ടെന്നും നിരവധി വൈദികർ ജയിലിലാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. "വർഗീയ വിദ്വേഷത്തോട് ഒരു വീട്ടുവീഴ്ചയും ഇല്ല. ഒരു കുറ്റവും ചെയ്യാത്ത കന്യസ്ത്രീകളാണ് ജയിലിൽ കിടക്കുന്നത്. കേരളത്തിൽ നിന്നുള്ള യുഡിഎഫ് പ്രതിനിധികൾ ഛത്തീസ്‌ഗഡിലേക്ക് പോയിട്ടുണ്ട്," പ്രതിപക്ഷ നേതാവ് പറഞ്ഞു.