ടി.സിദ്ധിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച സി.പി.എം ക്രിമിനൽ സംഘത്തിൻ്റെ നടപടി ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രിമിനലുകൾ അഴിഞ്ഞാടിയത് പൊലീസ് സംരക്ഷണയിലാണെന്നും അദ്ദേഹം ആരോപിച്ചു.
എന്തിന് വേണ്ടിയാണ് ക്രിമിനൽ സംഘത്തെ അയച്ച് എം.എൽ.എയുടെ ഓഫീസ് തകർത്തതെന്ന് സി.പി.എം വ്യക്തമാക്കണം. സി.പി.എം ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള എല്ലാ സൗകര്യവും പൊലീസ് ഒരുക്കിക്കൊടുത്തു. സി.പി.എം പോഷക സംഘടന പോലെ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭരണ പാർട്ടി അംഗങ്ങളുടെ എല്ലാ ക്രിമിനൽ പ്രവർത്തനങ്ങൾക്കും കൂട്ട് നിൽക്കുകയാണ്.
നിയമവിരുദ്ധമായ എന്ത് പ്രവൃത്തി ചെയ്യാനും സി.പി.എം ക്രിമിനലുകൾക്ക് പൊലീസ് സംരക്ഷണം നൽകുന്നത് അംഗീകരിക്കാനാകില്ല. പൊലീസ് സംരക്ഷണയിൽ എന്തും ചെയ്യുമെന്ന നിലയാണ് സംസ്ഥാനത്തെങ്കിൽ അതേ നാണയത്തിൽ കോൺസിൻ്റെ ഭാഗത്ത് നിന്നും തിരിച്ചടി ഉണ്ടാകുമെന്നത് മറക്കരുതെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.
സംഭവത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചിരുന്നു. ടി.സിദ്ധിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച് സാധനങ്ങള്‍ തല്ലിത്തകര്‍ത്ത സിപിഎം ക്രിമിനല്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സണ്ണി ജോസഫ് പറഞ്ഞു. അടിസ്ഥാനപരമായ യാതൊരു പരാതിയും ആക്ഷേപവും എംഎല്‍എയുടെ പേരിലില്ല. ഒരു തെറ്റും ടി.സിദ്ധിഖ് എംഎല്‍എയുടെ ഭാഗത്തില്ല. എന്തുകാരണത്തിന്റെ പേരിലാണ് ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസ് ആക്രമിച്ച് നാശനഷ്ടം വരുത്തിയതെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
ടി. സിദ്ദിഖ് MLA ഓഫീസിന് മുന്നിൽ നടന്ന ഡിവൈഎഫ്ഐ പ്രതിഷേധമാണ് അക്രമത്തിലേക്കെത്തിയത്. സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, ജനങ്ങൾക്കുനേരെയുള്ള ആക്രമണമാണെന്നും ടി. സിദ്ധിഖ് എംഎൽഎ പ്രതികരിച്ചു. ഡിവൈഎഫ്ഐ അതിക്രമം നടത്തിയത് പൊലീസ് നോക്കി നിന്നെന്നും എംഎൽഎ ആരോപിച്ചു.
ജീവനൊടുക്കിയ മുൻ ഡിസിസി ട്രഷർ എൻ.എം. വിജയൻ്റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെയാണ് പ്രതിഷേധം. 'കൊലയാളി കോൺഗ്രസേ, നിനക്കിതാ ഒരു ഇര കൂടി' എന്നെഴുതിയായിരുന്നു പത്മജ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതോടെ കോൺഗ്രസിനെതിരെ പ്രതിഷേധവുമായി ഇടത് സംഘടനകൾ രംഗത്തെത്തി.