കണ്ണൂർ: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കാനുള്ള നീക്കത്തിൽ പ്രതികരിച്ച് വി.കെ. സനോജ് എംഎൽഎ. കൂടുതൽ വലിയ കള്ളത്തരം നടത്തുന്നയാൾക്ക് കൂടുതൽ വലിയ പ്രതിഫലം ലഭിക്കും എന്നാണ് വി.കെ. സനോജ് ഫേസ്ബുക്കിൽ കുറിച്ചത്.
ബംഗാളിലെ തെരഞ്ഞെടുപ്പ് ഓഫീസറായ മനോജ് അഗർവാളെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സെക്രട്ടറിയായി നിയമിച്ചപ്പോൾ രാഹുൽ ഗാന്ധിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. എന്നാൽ കേരളത്തിന് സമാനമായ അവസ്ഥ വരുമ്പോൾ രാഹുൽ ഗാന്ധിയുടെ മറുപടി എന്താണ് എന്നും വി.കെ. സനോജ് ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
പശ്ചിമ ബംഗാളിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ മനോജ് അഗർവാൾ ബിജെപി മുഖ്യമന്ത്രി സുവേന്തു അധികാരിയുടെ സെക്രട്ടറിയായി നിയമിതനായപ്പോൾ രാഹുൽ ഗാന്ധി നടത്തിയ മറുപടി ഇപ്രകാരമായിരുന്നു. ഇപ്പോൾ കേരളത്തിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ കോൺഗ്രസ് മുഖ്യമന്ത്രി വി.ഡി സതീശൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനാകുമ്പോൾ രാഹുൽ ഗാന്ധിയുടെ മറുപടി എന്താണ്?
ഇലക്ഷൻ കമ്മീഷൻ്റെ ഡോക്യുമെൻ്റിൽ ബിജെപിയുടെ സീൽ പതിച്ച വിവാദ വിഷയത്തിൽ ന്യായം പറഞ്ഞയാൾ എന്ത് കള്ളം ചെയ്ത് തന്നതിന് കൊടുത്ത റിവാർഡാണ് ഈ സെക്രട്ടറി പദവിയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. യുഡിഎഫുകാർ ഇലക്ഷൻ കാലത്ത് ഡീൽ ആരോപണം ഉയർത്തിയതും, ലീഗുകാർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സ്ട്രോങ്ങ് റൂമിന് കാവലിരുന്നതുമൊക്കെ ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരൻ്റെ പെരുമാറ്റ രീതിയാണെന്ന് ഇപ്പോൾ മലയാളികൾ മനസിലാക്കുന്നുണ്ട്.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രൂക്ഷമായി വിമർശിച്ചു. മോദി സർക്കാരിൻ്റ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പോലെ പ്രവർത്തിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വസ്ത വിഥേയനാണ് ഖേൽക്കർ എന്ന് ബിനോയ് വിശ്വം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുമ്പോൾ ജനങ്ങളുടെ മനസ്സിൽ ചോദ്യങ്ങൾ ഉയരും. മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതിന് മുമ്പ് സതീശൻ നടത്തിയ മംഗലാപുരം യാത്രയും സംശയാസ്പദമാണ്. പുതിയ സർക്കാർ പ്രഖ്യാപിക്കപ്പെട്ട ദിശയിലാണോ എന്നത് ജനങ്ങൾ ചിന്തിക്കുമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.