കെ.കെ. രാഗേഷിൻ്റെ വാർത്താ സമ്മേളനം കേട്ടപ്പോൾ ചിരി വന്നു, അഭിമുഖം നൽകിയത് അജണ്ടയുടെ ഭാഗമല്ല: വി. കുഞ്ഞികൃഷ്ണൻ

കെ.കെ. രാഗേഷിൻ്റെ വാർത്താ സമ്മേളനം കേട്ടപ്പോൾ ചിരി വന്നു, അഭിമുഖം നൽകിയത് അജണ്ടയുടെ ഭാഗമല്ല: വി. കുഞ്ഞികൃഷ്ണൻ

"നേരത്തെ പറയുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉണ്ടെന്ന് തോന്നിയില്ല"
Published on

കണ്ണൂർ: പയ്യന്നൂർ ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തലിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ. സിപിഐഎം ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷിൻ്റെ വാർത്താ സമ്മേളനം കേട്ടു. നേരത്തെ പറയുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉണ്ടെന്ന് തോന്നിയില്ല. ചിലതൊക്കെ കേട്ടപ്പോൾ ചിരിയാണ് വന്നതെന്നും അഭിമുഖം നൽകിയത് അജണ്ടയുടെ ഭാഗമല്ലെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.

"ഏഷ്യാനെറ്റിന് അഭിമുഖം നൽകിയതിൽ കെ.കെ. ര​ഗേഷ് ചിലത് പറയുന്നത് കേട്ടു. കൈരളി എൻ്റെ അഭിമുഖം സംപ്രേഷണം ചെയ്യുമായിരുന്നുവെങ്കിൽ ഞാൻ അത് അവർക്ക് കൊടുക്കുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ്. അതുകൊണ്ടാണ് ഏഷ്യാനെറ്റിന് നൽകിയത്. കൈരളി ഒഴികെ ആർക്ക് അഭിമുഖം നൽകിയാലും പാർട്ടി ഇതേ വാദ​മാണ് ഉന്നയിക്കുക".

കെ.കെ. രാഗേഷിൻ്റെ വാർത്താ സമ്മേളനം കേട്ടപ്പോൾ ചിരി വന്നു, അഭിമുഖം നൽകിയത് അജണ്ടയുടെ ഭാഗമല്ല: വി. കുഞ്ഞികൃഷ്ണൻ
കണ്ണൂരിൽ വീണ്ടും വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും എതിർത്തും പോസ്റ്ററുകൾ; അച്ചടക്ക നടപടിക്ക് സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഇന്ന് അംഗീകാരം നൽകും

ഏഷ്യാനെറ്റിന് അഭിമുഖം നൽകാൻ മറ്റൊരു കാരണം കൂടിയുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. "ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ ഏഷ്യാനെറ്റിനെതിരെ മാനനഷ്ടക്കേസ് കൊടുത്തുവെന്നാണ് ടി.ഐ. മധുസൂദനൻ പയ്യന്നൂരിലെ ജനങ്ങളോട് പറഞ്ഞത്. അതിൻ്റെ സത്യാവസ്ഥ എന്താണെന്ന് ആർക്കും അറിയില്ല. ആ കേസിൻ്റെ കാര്യം മധുസൂദനനും ഏഷ്യനെറ്റിനും മാത്രമേ പറയാൻ കഴിയൂ. അഭിമുഖത്തിൽ ഞാൻ ആ കാര്യം ചോദിച്ചപ്പോൾ കിട്ടിയ മറുപടി നാല് വർത്തിനിടയിൽ ടി.ഐ. മധുസൂദനൻ ചാനലിനെതിരെ ഒരു പരാതിയും നൽകിയിട്ടില്ല എന്നാണ്", വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.

പയ്യന്നൂരിലെ പാര്‍ട്ടിയെ കൂട്ടി യോജിപ്പിക്കാന്‍ തനിക്ക് കഴിയില്ല എന്നുണ്ടെങ്കില്‍ അത് ഏരിയ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണ്ടേ? ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ചില ആളുകള്‍ക്ക് ആത്മനിഷ്ഠമായി തോന്നി, അവര്‍ നടപ്പിലാക്കി. 21 പേരില്‍ 17 പേരും ഏരിയ സെക്രട്ടറിയെ മാറ്റരുതെന്ന് പറഞ്ഞു.

ഉച്ചയ്ക്ക് 12 മണിക്ക് ഇപ്പോള്‍ അര്‍ധരാത്രിയാണ് എന്ന് എം.വി ജയരാജന്‍ പറഞ്ഞാല്‍ അത് അംഗീകരിച്ചു പോകാന്‍ എല്ലാവരെയും കിട്ടില്ല. അക്കാര്യം അന്നേ പറഞ്ഞതാണ് കുന്നരു സര്‍വീസ് സഹകരണ ബാങ്ക്, പെരളം സര്‍വീസ് സഹകരണ ബാങ്ക് എന്നിവയില്‍ നിന്ന് പിരിച്ച പണം അക്കൗണ്ടില്‍ വന്നില്ല. 2021 ല്‍ ഇക്കാര്യം പറഞ്ഞു. അന്ന് ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ ആണ്.

അത് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വരവ് കൂടിയപ്പോള്‍ ചെലവും കൂട്ടിയാണ് കണക്ക് അവതരിപ്പിച്ചത്. ഓഫീസ് ഉദ്ഘാടനം നടന്ന് 11 മാസം കഴിഞ്ഞിട്ട് കണക്ക് അവതരിപ്പിച്ചപ്പോള്‍ പുതിയ ചെലവുകള്‍ വന്നത് എങ്ങനെ? വൗച്ചറുകള്‍ നഷ്ടപ്പെട്ടു എന്നാണ് ഓഡിറ്റിങ്ങില്‍ എഴുതി നല്‍കിയത്. ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് പറയാന്‍ ജില്ലാ സെക്രട്ടറി തയ്യാറായിട്ടില്ല. കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ നിന്നും ധനരാജ് ഫണ്ടില്‍ നിന്നും 54 ലക്ഷം രൂപ പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ടു.

വ്യക്തി വിരോധമെന്ന കെ.കെ. രാഗേഷിന്റെ ആരോപണത്തിനും കുഞ്ഞികൃഷ്ണന്‍ മറുപടി പറഞ്ഞു. അങ്ങനെ ഉണ്ടെങ്കില്‍ ഏരിയ കമ്മിറ്റിയില്‍ ഇക്കാര്യം ഉന്നയിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെ ഒരു ചര്‍ച്ച വന്നിട്ടില്ല. രസീത് ആരുടെ കയ്യില്‍ നിന്നാണ് നഷ്ടപ്പെട്ടത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഓഫീസ് സെക്രട്ടറിയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടു എന്ന് ആദ്യം പറഞ്ഞ രസീത് പിന്നീട് ടി.ഐ. മധുസൂദനന്‍ എംഎല്‍എ ഹാജരാക്കി. അതെങ്ങനെ സാധിച്ചുവെന്നും കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.

പെരുമ്പ കേസുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ പിരിച്ചിട്ടുണ്ട്. പിന്നെന്തിനാണ് ധനരാജ് ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കുന്നത്? കെ.കെ. രാഗേഷിന് ഒന്നും മനസിലായിട്ടില്ല. അദ്ദേഹം ആടിനെ പട്ടിയാക്കുകയാണ്. ഉത്തമനായ കമ്മ്യൂണിസ്റ്റ് ആണെന്ന് രാഗേഷിനെ എങ്ങനെ ബോധ്യപ്പെടുത്തുമെന്നും കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.

News Malayalam 24x7
newsmalayalam.com