തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് കോൺഗ്രസ് നേതാക്കളുടെ രാഷ്ട്രീയ ദുഷ്ടലാക്കെന്ന് ദേവസ്വം മന്ത്രി വി. എൻ. വാസവൻ. ഒഴിഞ്ഞ കസേരകളുടെ ഫോട്ടോ എടുത്തത് പരിപാടിക്ക് മുമ്പെന്ന് വിഎൻ വാസവൻ വ്യക്തമാക്കി. സംഗമത്തിനെതിരെ ചില മാധ്യമങ്ങൾ കള്ളപ്രചരണം നടത്തുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കസേരകളുടെ ദൃശ്യം എഐ വഴി ഉണ്ടാക്കാമല്ലോ എന്നും ഗോവിന്ദൻ ചോദിച്ചു.
5000 പേർക്ക് ഇരിക്കാൻ കഴിയുന്ന പന്തൽ ആണ് ഒരുക്കിയത്. 9.55നാണ് മുഖ്യമന്ത്രി ഉൾപ്പെടെ എത്തിയത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് ഫോട്ടോ എടുത്ത് ചിലർ തെറ്റായ പ്രചാരണം നടത്തിയെന്നും വാസവൻ പറഞ്ഞു. 4126 പേർ സംംഗമത്തിൽ പങ്കെടുത്തു. രജിസ്‌ട്രേഷൻ നടത്തി നമ്പർ എണ്ണിയ കണക്ക് ആണിതെന്നും, പരിപാടിയെ സംബന്ധിച്ച് ആർക്കും യാതൊരു പരാതിയും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഹൈക്കോടതി നിർദേശങ്ങൾ പൂർണമായും പാലിച്ചാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. ഉദ്ഘാടനം കഴിഞ്ഞപ്പോൾ ആളുകൾ എഴുന്നേറ്റു പോയി എന്നാണ് മറ്റൊരു പ്രചാരണം. അവർ പോയത് സെഷനുകളിൽ പങ്കെടുക്കാനാണ്. മൂന്ന് സ്ഥലങ്ങളിൽ ആയിരുന്നു സെഷനുകൾ നടത്തിയത്. ഇതാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചത് എന്നും മന്ത്രി വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് 18 അംഗ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന സമയത്ത് പന്തൽ നിറഞ്ഞിരുന്നു. പരിപാടിക്ക് മുമ്പാണ് ഒഴിഞ്ഞ കസേരകളുടെ ഫോട്ടോ എടുത്തത്. ഇത് എഐ വഴി ഉണ്ടാക്കമല്ലോ എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. എം. വി. ഗോവിന്ദന് പരിപാടിയുടെ ഉള്ളടക്കം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്നവർ ആണ്. അവർ ഒരുമിച്ച വന്നതിൽ വിവാദം വേണ്ടെന്നും മന്ത്രി അറിയിച്ചു.
അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ല, ജാതിയോ മതമോ ഇല്ല, ശബരിമലയുടെ വികസനം എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളതെന്നും മന്ത്രി അറിയിച്ചു. രാഷ്ട്രീയമായി ചിന്തിക്കുന്നവരാണ് ഇതിനെ എതിർക്കുന്നത്. അവരെല്ലാം ഒറ്റപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് ആളുകൾ ടിവി കാണുന്നത് പോലെ അയ്യപ്പ സംഗമവും ടിവിയിൽ കണ്ടു. സീരിയൽ ഒക്കെ മാറ്റി വെച്ചാണ് അയ്യപ്പ സംഗമം മാധ്യമങ്ങളിലൂടെ കണ്ടത്. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് ഇത്തവണ റേറ്റിങ് കൂടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യോഗി ആദിത്യനാഥ് സംഗമത്തിന് പിന്തുണ അറിയിച്ചതിൽ വർഗീയതയില്ലെന്നും, മുഖ്യമന്ത്രി എന്ന നിലക്കാണ് ക്ഷണിച്ചത്. എന്നാൽ യോഗിയുടെ എല്ലാ നിലപാടിനോടും യോജിപ്പില്ലെന്നും മന്ത്രി അറിയിച്ചു.
എന്നാൽ ആഗോള അയ്യപ്പ സംഗമം പരിപൂർണ പരാജയമാണ് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആഗോള സംഗമം ഭക്തന്മാർ തന്നെ ബഹിഷ്കരിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ വോട്ട് തട്ടാനുള്ള ഒരു കാപട്യം മാത്രമായിരുന്നു ആഗോള അയ്യപ്പ സംഗമമെന്നും, തട്ടിക്കൂട്ടിയ ഒരു സംഗമമാണ് നടന്നത് എന്നും ചെന്നിത്തല വിമർശിച്ചു. ആഗോള അയ്യപ്പ സംഗമം കൊണ്ട് ഭക്തർക്ക് എന്ത് പ്രയോജനമാണ് ഉണ്ടായത്. ആളുകൾ ഇല്ല എന്നത് എഐആണെന്ന ഗോവിന്ദൻ മാഷിൻ്റെ പ്രസ്താവന ആരെ പറ്റിക്കാനാണ് എന്നും ചെന്നിത്തല ചോദ്യമുന്നയിച്ചു.
കേരള ജനതയ വിഡ്ഢികളാക്കുന്ന പരിപാടിയാണ് അയ്യപ്പ സംഗമത്തിൽ നടന്നത് എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. യഥാർഥ അയ്യപ്പ ഭക്തർ പോലും പങ്കെടുത്തിട്ടില്ല. വിശ്വാസത്തിലും ആത്മീയതയിലും എന്തിനാണ് സർക്കാർ ഇടപെടുന്നത് എന്നും പിഎംഎ സലാം ചോദ്യമുന്നയിച്ചു. സർക്കാർ ജീവനക്കാരും ഇടതുപക്ഷക്കാരും മാത്രം പങ്കെടുത്ത സംഗമമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.