സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി പ്രിയ സഖാവ്; ആലപ്പുഴയുടെ മണ്ണിൽ വിഎസിന് ഇന്ന് അന്ത്യവിശ്രമം

ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്
വി. എസ്. അച്യുതാനന്ദന്‍
വി. എസ്. അച്യുതാനന്ദന്‍
Published on

വിശ്രമമില്ലാത്ത പോരാട്ടങ്ങൾ തുടങ്ങിയ ആലപ്പുഴയുടെ മണ്ണിൽ വിഎസിന് ഇന്ന് അന്ത്യവിശ്രമം. രാവിലെ 10 മണിയോടെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ചടങ്ങുകളോടെയാണ് വിഎസിൻ്റെ സംസ്‌കാരം.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര 15 മണിക്കൂർ പിന്നിടുമ്പോൾ മറികടക്കാനായത് 90 കിലോമീറ്ററിൽ താഴെ മാത്രമാണ്. കനത്ത മഴയെ അവഗണിച്ചും വിഎസിനെ ഒരുനോക്ക് കാണാൻ സ്ത്രീകളും കുഞ്ഞുങ്ങളും സഖാക്കളും വഴിയോരങ്ങളിൽ കാത്തുനിൽക്കുകയാണ്.

കഴിഞ്ഞദിവസം രാവിലെ 9 മുതല്‍ ആരംഭിച്ച ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം രണ്ടോടെയാണ് അവസാനിച്ചത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നല്‍കിയാണ് വിഎസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. വിലാപയാത്രക്കായി പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടി ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ, മന്ത്രിമാരായ പി.പ്രസാദ്, പി.രാജീവ്, വിഎസിന്റെ മകൻ അരുൺകുമാർ തുടങ്ങിയവർ വാഹനത്തിലുണ്ട്.

വി. എസ്. അച്യുതാനന്ദന്‍
ആലപ്പുഴ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

ആയിരക്കണക്കിനാളുകളാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ വഴിയരികുകളിലും കവലകളിലും കാത്തുനിൽക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് പുന്നപ്രയിലേക്ക് 152 കിലോ മീറ്റർ ദൂരം. പക്ഷേ ഒൻപത് മണിക്കൂർ കൊണ്ട് പിന്നിടാനായത് വെറും 41 കിലോമീറ്റർ. വൈകിട്ട് മൂന്നു മണിയോ‌ടെ കഴക്കൂട്ടത്ത് എത്തുമെന്നായിരുന്നുകണക്കുകൂട്ടലെങ്കിലും അവി‌യെത്തിയപ്പോൾ സമയം രാത്രി എട്ട്.

ആൾത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്. പലയിടത്തും വികാരഭരിതമായ രംഗങ്ങളുമുണ്ടായി. വയോധികരും സ്ത്രീകളും കുട്ടികളുമടക്കം പലരും വിതുമ്പലോടെ മുഷ്ടിചുരുട്ടിയാണ് വിഎസിനു യാത്രാമൊഴിയേകിയത്. പാർട്ടി നിശ്ചയിച്ച സമയക്രമം ആൾത്തിരക്കു മൂലം തുടക്കത്തിൽത്തന്നെ തെറ്റിയിരുന്നു. ആറ്റിങ്ങലിൽ അനിയന്ത്രിതമായ ജനക്കൂട്ടം. അതിനിടെ വീണ്ടും മഴ പെയ്തു. കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ പ്രായഭേദമില്ലാതെ വിഎസിന് അന്ത്യാഭ്യവാദ്യമർപ്പിക്കാനെത്തി.

തിരുവനന്തപുരം പിന്നിട്ടിട്ട് അഞ്ച് മണിക്കൂറിലേറെയായെങ്കിലും വഴിയിലൊരിടത്തും ജനപ്രവാഹം നിലച്ചിട്ടില്ല. പാരിപ്പള്ളിയില്‍ മഴനനഞ്ഞ് പ്രിയനേതാവിനെ കാത്തുനിന്ന സാധാരണ മനുഷ്യരും കാവനാട്ടും ചിന്നക്കടയിലും തടിച്ചുകൂടിയ ജനങ്ങളും വിഎസ് മലയാളിക്ക് ആരെന്ന് അടയാളപ്പെടുത്തി. വിലാപയാത്ര ചവറയില്‍ എത്തിയപ്പോള്‍ അതൊരു ജനമഹാസാഗരമായി. വിഎസുമായി ഏറെ വൈകാരിക ബന്ധമുള്ള നാടായ കൊല്ലത്തേക്ക് വിലാപയാത്ര പ്രവേശിച്ചപ്പോള്‍ നേരം അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ജനാവലിയാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ എത്തിയിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com