
നര്‍മം കലര്‍ന്ന വാക്കുകളിലൂടെയും, അവതരണശൈലിയിലൂടെയും രാഷ്ട്രീയ എതിരാളികളെ നിലംപരിശാക്കുന്ന നേതാക്കള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ അത്യപൂര്‍വമാണ്. അവിടെ വി.എസ്. അച്യുതാനന്ദന് സമാനതകളില്ലായിരുന്നു. കൗതുകകരമായ നര്‍മ സംഭാഷണങ്ങളിലൂടെ നിമിഷ നേരംകൊണ്ട് ജനങ്ങളെ കയ്യിലെടുക്കും. വാക്കുകള്‍ നീട്ടിയും കുറുക്കിയും, പല തവണ ആവര്‍ത്തിച്ചുമൊക്കെ സൃഷ്ടിച്ചെടുക്കുന്ന രസച്ചരടിലേക്ക് കേള്‍വിക്കാരുടെ ശ്രദ്ധയെ പിടിച്ചുകെട്ടും. പിന്നീട് പറയാനുള്ള രാഷ്ട്രീയം വെട്ടിത്തുറന്ന് പറയും. ഇത്തരത്തില്‍ ഒരു ആശയത്തെ ജനങ്ങളിലേക്കും, പ്രതിയോഗികളിലേക്കും വേണ്ടവിധം സന്നിവേശിപ്പിക്കാന്‍ വിഎസിന് പ്രത്യേക കഴിവുണ്ടായിരുന്നു.
വര്‍ഷം 2016, തിരുവനന്തപുരം ശംഖുമുഖം കടപ്പുറം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം നടക്കുന്നു. ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയന്‍, വിഎസ്, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി എന്നിങ്ങനെ നേതാക്കളെല്ലാം വേദിയിലുണ്ട്. യെച്ചൂരിയായിരുന്നു ഉദ്ഘാടകന്‍. ജാഥാ ക്യാപ്റ്റനും പി.ബി അംഗങ്ങളുമൊക്കെ സംസാരിച്ചശേഷം ഏഴാമാനായാണ് വിഎസിന് പ്രസംഗിക്കാന്‍ അവസരം. സമ്മേളനത്തിന്റെ തുടക്കം മുതല്‍ ദേശീയ, സംസ്ഥാന രാഷ്ട്രീയമാണ് എല്ലാവരും പ്രസംഗിക്കുന്നത്. വിഎസിന് പ്രസംഗത്തിനുള്ള അവസരമെത്തുമ്പോഴേക്കും സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെല്ലാം ഏറെക്കുറെ സംസാരിച്ചു തീര്‍ന്നിരുന്നു. അക്കാര്യങ്ങളില്‍ ഇനി കൂടുതലൊന്നും പറയാനില്ലെന്ന് വിഎസിന് മനസിലായി. പക്ഷേ, സംസാരിക്കാതെ മടങ്ങാന്‍ വിഎസിന് ഭാവമില്ലായിരുന്നു.
നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തിന് നാല് ദിവസം മുമ്പ് രാഹുല്‍ ഗാന്ധി ശംഖുമുഖത്ത് എത്തിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള കോണ്‍ഗ്രസ് റാലി ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുല്‍ ഗാന്ധി സിപിഐഎമ്മിന്റെ മദ്യ നയത്തെ വിമര്‍ശിച്ചാണ് അന്ന് സംസാരിച്ചത്. 'എന്താണ് സിപിഐഎമ്മിന്റെ മദ്യ നയം?' എന്നായിരുന്നു രാഹുല്‍ ഉയര്‍ത്തിയ പ്രധാന ചോദ്യം. ആ ചോദ്യം തന്നെയാണ് ഒട്ടുമിക്ക മാധ്യമങ്ങളും വാര്‍ത്തയ്ക്കായി ഉപയോഗിച്ചത്. ഇക്കാര്യം ശ്രദ്ധിച്ചിരുന്ന വിഎസ് അതിനൊരു മറുപടി പറയാന്‍ തയ്യാറായി.
"മിസ്റ്റര്‍ രാഹുല്‍ ഗാന്ധി, സിപിഐഎമ്മിന്റെ മദ്യനയം അറിയാന്‍ വേണ്ടി താങ്കള്‍ ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനവും പിടിച്ച് ഇവിടം വരെ വരേണ്ടതുണ്ടായിരുന്നോ, വരേണ്ടതുണ്ടായിരുന്നോ, ഉണ്ടായിരുന്നോ?" -സ്വതസിദ്ധശൈലിയില്‍ വിഎസ് തുടങ്ങി. അത്രയും നേരം പ്രസംഗം കേട്ടതിന്റെ മുഷിച്ചിലെല്ലാം ക്ഷണനേരം കൊണ്ട് സദസിനെ വിട്ടൊഴിഞ്ഞു. എല്ലാവരും വിഎസിലേക്ക് കാതുകൂര്‍പ്പിച്ചു.
വിഎസ് തുടര്‍ന്നു: "ഇവിടെ വരേണ്ട ഒരു കാര്യവുമില്ലായിരുന്നു. അങ്ങ് ഡല്‍ഹിയിലിരുന്ന്, ആ ഫോണൊന്നെടുത്ത് നമ്മുടെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിളിച്ചിട്ട്, മിസ്റ്റര്‍ കോടിയേരി, എന്താണ് നിങ്ങളുടെ മദ്യനയം എന്ന് ചോദിച്ചാല്‍ പോരായിരുന്നോ?, അതിന് ഇത്രയും കാശൊക്കെ മുടക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ, ഉണ്ടായിരുന്നോ, ഉണ്ടായിരുന്നോ?''- വിഎസിന്‍റെ വാക്കുകള്‍ സദസിനെയാകെ ചിരിപ്പിച്ചു. ജനം ആവേശത്താല്‍ ഇളകിമറിഞ്ഞു. യെച്ചൂരി ഉള്‍പ്പെടെ വേദിയിലിരുന്ന മുതിര്‍ന്ന നേതാക്കള്‍ വരെ ചിരിച്ചു. പറയാനുള്ളതെല്ലാം പറഞ്ഞുതീര്‍ത്ത്, പതിവ് പോലെ കൈകള്‍ കൂപ്പി നമസ്‌കാരം പറഞ്ഞാണ് വിഎസ് പ്രസംഗം അവസാനിപ്പിച്ചത്.
ഇതിനും അഞ്ച് വര്‍ഷം മുന്‍പ് രാഹുല്‍ ഗാന്ധി വിഎസിന്റെ വാക്കുകളുടെ പ്രഹരം ശരിക്കുമേറ്റിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രചരണത്തിനെത്തി. തെരഞ്ഞെടുപ്പിനിറങ്ങിയ വിഎസിനെ പ്രായം പറഞ്ഞ് രാഹുല്‍ പരിഹസിച്ചു. വീണ്ടും എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍, 93കാരനായ മുഖ്യമന്ത്രിയെ ആകും ലഭിക്കുക എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. അന്ന് രാഹുലിന് വിഎസിന്റെ മറുപടി ടി.എസ്. തിരുമുമ്പിന്റെ 'എന്റെ യുവത്വം' എന്ന കവിതയിലെ ചില വരികളായിരുന്നു. 'തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തതല്ലെന്‍ യുവത്വവും/ കൊടിയ ദുഷ്പ്രഭുത്വത്തിന് തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന്‍ യൗവനം' എന്ന് വിഎസ് ചൊല്ലി. ഒരുപക്ഷേ, കേരളം വിഎസിന്റേതായി ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചതും ആഘോഷിച്ചതും ആ പ്രതികരണമായിരുന്നു.