തൃശൂരിലെ വോട്ട് കൊള്ള ആരോപണത്തിൽ എൽഡിഎഫ് മൂന്ന് പരാതികൾ നൽകിയിരുന്നു, സുപ്രീം കോടതി അന്വേഷിക്കണം: വി.എസ്. സുനിൽകുമാർ
തൃശൂർ: തൃശൂരിലെ വോട്ട് കൊള്ള ആരോപണത്തിൽ പ്രതികരിച്ച് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. രാഹുൽ ഗാന്ധി പറഞ്ഞത് പോലെ തൃശൂർ പാർലമെൻ്റ് മണ്ഡലത്തിലും സമാനമായ ക്രമക്കേടുകൾ നടന്നിരുന്നു. യുഡിഎഫ് മാത്രമല്ല, എൽഡിഎഫും പരാതി നൽകിയിരുന്നു. മൂന്ന് പരാതികളാണ് വിവിധ ഘട്ടങ്ങളിലായി എൽഡിഎഫ് നൽകിയത്.
എന്നാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ താൻ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞു. എന്തു കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത് അറിയില്ല. മുൻ ജില്ലാ കളക്ടർ കൃഷ്ണ തേജ തങ്ങൾ നൽകിയ പരാതി അദ്ദേഹത്തെ അറിയിച്ചിരുന്നോ എന്ന് വ്യക്തമല്ലെന്നും സുനിൽ കുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റ് ബ്ലോക്ക് ചെയ്തത് വിവരങ്ങൾ ഒളിച്ചു വയ്ക്കാനാണോ എന്ന് സംശയിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് തങ്ങൾക്ക് നൽകിയ പരാതി എവിടെപ്പോയന്ന് വരണാധികാരി ആയിരുന്ന കൃഷ്ണതേജ മറുപടി പറയണം. തൃശൂർ പാർലമെൻ്റുമായി ഉയർന്ന കാര്യങ്ങൾ അന്വേഷണ വിധേയമാക്കണം. അതിൻ്റെ അന്വേഷണത്തിന് സുപ്രീം കോടതി തന്നെ മേൽനോട്ടം നൽകണമെന്നും സുനിൽ കുമാർ പറഞ്ഞു.