

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവിന്റെ മരണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. താന്‍ വിദ്വാനല്ലെങ്കിലും പാവപ്പെട്ടവന്റെ ശബ്ദം കേള്‍ക്കാനറിയാം. രാജീവ് ചന്ദ്രശേഖര്‍ ദന്ത ഗോപുരത്തില്‍ നിന്ന് വന്നയാളാണെന്നും ആ വിദ്യ രാജീവിന് അറിയണമെന്നില്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
രാജീവ് ചന്ദ്രശേഖര്‍ പാവപ്പെട്ടവന്റെ അവസ്ഥ മനസ്സിലാക്കാന്‍ ഇനിയും 10 വര്‍ഷം എടുക്കും. അദ്ദേഹവുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ലെന്നും പക്ഷേ നിലപാടുകളോട് എതിര്‍പ്പുണ്ടെന്നും എങ്ങനെയാണ് ഈ സംഭവത്തെ തരൂരിനും രാജീവിനും ന്യായീകരിക്കാന്‍ കഴിയുന്നതെന്നും വി. ശിവന്‍കുട്ടി ചോദിച്ചു.
101 സീറ്റ് അല്ലേ ഉള്ളൂ, 101 പേരെയല്ലേ മത്സരിപ്പിക്കാന്‍ കഴിയൂ എന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം മൂലം സിപിഐഎമ്മില്‍ ആത്മഹത്യകളില്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. എല്ലാവര്‍ക്കും അസൂയയും കുശുമ്പും ഉണ്ടാകുമല്ലോ. 10ാം ക്ലാസ് പഠിച്ച കുട്ടിയെ പിന്നെ എട്ടാം ക്ലാസില്‍ കാണാന്‍ കഴിയുമോ എന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
മരിച്ച ആര്‍എസ്എസ് നേതാവിന്റെ പേര് കേള്‍ക്കുന്നത് പോലും ആദ്യമായിട്ടാണെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പ്രവര്‍ത്തകന്‍ മരിക്കാന്‍ ഇടയായ കാരണങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും പറഞ്ഞിരുന്നു.
വിഷയത്തില്‍ പ്രതികരിച്ച് ഇന്നും രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ബിജെപിയെ വിമര്‍ശിക്കുന്ന സിപിഐഎം നവീന്‍ ബാബുവിനെ മറക്കരുതന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കരുണാകരനെ വഞ്ചിച്ചത് ആരാണ് എന്ന് എല്ലാവരും ഓര്‍ക്കണം. ആത്മഹത്യ ഒരു ദുരന്തമാണെന്ന് സമ്മതിക്കുന്നു. ഇത് രാഷ്ട്രീയത്തിനായി ഉപയോഗിക്കരുത്.
ശിവന്‍കുട്ടിയും ശബരിനാഥും രാഷ്ട്രീയ വിദ്വാന്മാരെന്നും രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു. അവരുടെ രാഷ്ട്രീയമല്ല താന്‍ പ്രയോഗിക്കുന്നത് ആത്മഹത്യ സംബന്ധിച്ചു വന്ന ആരോപണങ്ങള്‍ ജില്ലാ പ്രസിഡന്റ് പരിശോധിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.