തിരുവനന്തപുരം: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയുടെ പേരുകളിൽ നിന്ന് താമരയെ ഒഴിവാക്കിയ നടപടിയിൽ നിന്ന് പിന്മാറി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വേദി 15ന്റെ പേര് താമര എന്നാക്കിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഒരു വഴക്കിനും വാക്കേറ്റത്തിനും ഇല്ല. കലോത്സവം മികച്ച രീതിയിൽ നടക്കണമെന്നാണ് ആഗ്രഹമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
താമര വിവാദം ആക്കേണ്ട കാര്യം ഇല്ല. കുഞ്ഞുമക്കൾ പങ്കെടുക്കുന്ന പരിപാടി വഴക്കും വക്കാണത്തിലും അല്ല നടത്തേണ്ടത്. വേദി 15ന് ഡാലിയ എന്നായിരുന്നു മുന്നേ നിശ്ചയിച്ച പേര്. അത് മാറ്റി താമര എന്നാക്കിയിട്ടുണ്ട്. ആർക്കും വഴങ്ങിയിട്ടല്ല മാറ്റം. വിവാദം തീർക്കാനാണ് ശ്രമിക്കുന്നതെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
കലോത്സവ വേദികളിൽ നിന്ന് താമരയെ ഒഴിവാക്കിയത് പ്രതിഷേധങ്ങൾക്കിടയാക്കും എന്ന് കരുതുന്നില്ലെന്ന് കഴിഞ്ഞ ദിവസവും മന്ത്രി വ്യക്തമാക്കിയിരുന്നു. അവസാനം തൃശൂരിൽ വച്ച് നടന്ന കലോത്സവത്തിലും പുഷ്പങ്ങളുടെ പേരാണ് വേദികൾക്ക് ഇട്ടിരുന്നത്. അന്നും താമര ഉണ്ടായിരുന്നില്ല. താമര ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ്. ദേശീയ വിവാദമാകാതിരിക്കാൻ വേണ്ടിയാണ് ഇത്തവണയും ഒഴിവാക്കിയത്. നടപടിയിൽ നിക്ഷിപ്ത താൽപ്പര്യമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.