
റിപ്പോര്‍ട്ടര്‍ ടിവി ഓഫീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ അപലപിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനല്ലെന്നും വാര്‍ത്ത കൊടുത്തതിന് റിപ്പോര്‍ട്ടര്‍ ടിവിയെ ആക്രമിക്കുന്നത് വ്യക്തമാക്കുന്നത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.
മാധ്യമ പരിലാളനയില്‍ മാത്രം നിലനില്‍ക്കുന്ന കോണ്‍ഗ്രസ് ഒരു വാര്‍ത്തയുടെ പേരില്‍ ഒരു മാധ്യമ സ്ഥാപനത്തെ ആക്രമിച്ചത് അവരുടെ അസഹിഷ്ണുതയുടെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ഈ നിലപാട് ബിഹാര്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇന്‍ഡ്യ സഖ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബിജെപി ഇത് വലിയ പ്രചാരണ വിഷയമാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2013-ല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാര്‍ ഐഎഎസിന്റെ ഓഫീസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച ചരിത്രം മന്ത്രി ഓര്‍മിപ്പിച്ചു. കരി ഓയില്‍ പ്രയോഗം കോണ്‍ഗ്രസ് പോഷക സംഘടനകളുടെ ദൗര്‍ബല്യമാണ്. അതുകൊണ്ടാണ് റിപ്പോര്‍ട്ടര്‍ ടിവി ഓഫീസിലും സമാനമായ സംഭവം നടന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയെന്നും മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.
റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ഓഫീസിന് നേരെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആക്രമണമുണ്ടായത്. ഓഫീസിന്റെ ചുമരുകളിലും പടികളിലുമാണ് പ്രവര്‍ത്തകര്‍ കരിയോയില്‍ ഒഴിച്ചത്. ഓഫീസിലെ കാറില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടിയും പ്രവര്‍ത്തകര്‍ നാട്ടി. സംഭവത്തില്‍ ചാനല്‍ മുഖ്യമന്ത്രിക്ക് പഹരാതി നല്‍കിയിട്ടുണ്ട്.