

തിരുവനന്തപുരം: സ്കൂൾ അത്‌ലറ്റിക്‌സ് മീറ്റിൽ പങ്കെടുക്കാൻ പോയ മകായിക താരങ്ങൾക്ക് ട്രെയിനിൽ നേരിടേണ്ടിവന്ന ദുരിതയാത്രയിൽ വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ടിക്കറ്റും ഇരിപ്പിടവുമില്ലാതെ ശുചിമുറിക്ക് സമീപം നിലത്തിരുന്ന് കുട്ടികൾക്ക് യാത്ര ചെയ്യേണ്ടിവന്നത് ലജ്ജാകരവും കണ്ണുനനയിക്കുന്നതുമായ കാഴ്ചയാണെന്ന് അദ്ദേഹം പ്രതികരിച്ചു. കായിക താരങ്ങളോടുള്ള അവഗണന പ്രതിഷേധാർഹമാണെന്നും കുട്ടികൾ നേരിട്ട അപമാനത്തിന് വിദ്യാഭ്യാസ മന്ത്രിയും സർക്കാരും മറുപടി പറയണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കായിക താരങ്ങളെ മത്സരങ്ങൾക്കായി വിമാനത്തിൽ വരെ യാത്രയാക്കിയിരുന്നുവെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് ആവശ്യമായ യാത്രാസൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. ഇതാണോ മികവിന്റെ വിദ്യാഭ്യാസമെന്നും അദ്ദേഹം ചോദിച്ചു. കായിക താരങ്ങൾക്ക് അടിയന്തരമായി ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
അതേസമയം, വിഷയത്തിൽ പ്രതിഷേധവുമായി എസ്എഫ്ഐയും രംഗത്തെത്തി. സ്കൂൾ കായിക താരങ്ങൾക്ക് നേരിടേണ്ടിവന്ന ദുരിതയാത്രയിൽ ഉത്തരവാദികളായവർ മറുപടി പറയണമെന്നാണ് ആവശ്യം. കായിക താരങ്ങളുടെ ദുരിതയാത്രയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത് ന്യൂസ് മലയാളമാണ്.