കല്ലേപ്പലകയിൽ മാത്രം പഠിച്ചാൽ മതിയോ? ചെന്നിത്തലയുടേത് കുട്ടികൾക്കെതിരെയുള്ള പോർവിളി; വിദ്യാർഥികളോട് മാപ്പു പറയണം: വി. ശിവൻകുട്ടി

പാഠപുസ്തകങ്ങൾ നേരത്തെ നൽകുന്നത് ഭരണ മികവാണെന്നും വി. ശിവൻകുട്ടി പറഞ്ഞു
കല്ലേപ്പലകയിൽ മാത്രം പഠിച്ചാൽ മതിയോ? ചെന്നിത്തലയുടേത് കുട്ടികൾക്കെതിരെയുള്ള പോർവിളി; വിദ്യാർഥികളോട് മാപ്പു പറയണം: വി. ശിവൻകുട്ടി
Published on
Updated on

തിരുവനന്തപുരം: സ്കൂൾ പാഠപുസ്തക വിതരണം നേരത്തെ ആക്കിയതിനെ പരിഹസിച്ച രമേശ് ചെന്നിത്തല വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പാവപ്പെട്ട മക്കൾ പഠിച്ചിരുന്നത് കണ്ട് ചെന്നിത്തലക്ക് സമനില തെറ്റി. ഫലം വരുന്നതിന് മുമ്പ് പുസ്തകം അച്ചടിക്കുന്നത് നിശ്ചയദാർഢ്യം. പാഠപുസ്തകങ്ങൾ നേരത്തെ നൽകുന്നത് ഭരണ മികവാണെന്നും വി. ശിവൻകുട്ടി പറഞ്ഞു. ഓണം കഴിഞ്ഞിട്ടും കുട്ടികൾക്ക് ഇതൊന്നും നൽകാത്തതാണോ വികസന മാതൃകയെന്നും മന്ത്രി ചോദിച്ചു. കല്ലേപ്പലകയിൽ മാത്രം പഠിച്ചാൽ മതിയെന്നാണോ ചെന്നിത്തലയുടെ വാശിയെന്നും ശിവൻകുട്ടിയുടെ ചോദ്യം.

ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിച്ച ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. 2016 കാലത്തിന് നേതൃത്വം കൊടുത്ത ഒരു മഹാൻ ഇന്ന് പറയുന്നു പാഠപുസ്തകങ്ങൾ നേരത്തെ വിതരണം ചെയ്യുന്നത് തുഗ്ലപരിഷ്കാരമാണെന്ന്. പാഠപുസ്തകങ്ങൾ നേരത്തെ എത്തിക്കുന്നത് ഒരു കുറ്റമാണോ? കുറ്റമാണ് എന്നാണ് അദ്ദേഹം പറയുന്നത്. പഴയ കാലഘട്ടത്തെ പോലെ ഓണം കഴിഞ്ഞിട്ടും പാഠപുസ്തകത്തിന് വേണ്ടി കാത്തിരിക്കുന്ന ഘട്ടം ഉണ്ടാകില്ല. വരേണ്യ വർ​ഗത്തിന് മാത്രം ലഭിച്ചിരുന്ന സൗകര്യമാണ് ഇപ്പോൾ എല്ലാവർക്കും ലഭിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ ഒരു പരാമർശം നടത്തുന്നത് ഖേദകരമാണെന്നും ശിവൻകുട്ടി പറ‍ഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കല്ലേപ്പലകയിൽ മാത്രം പഠിച്ചാൽ മതിയോ? ചെന്നിത്തലയുടേത് കുട്ടികൾക്കെതിരെയുള്ള പോർവിളി; വിദ്യാർഥികളോട് മാപ്പു പറയണം: വി. ശിവൻകുട്ടി
ഒമ്പതാം ക്ലാസ് പാസായോ എന്നറിയാതെ പാഠപുസ്തകം കൊടുത്തിട്ട് എന്ത് കാര്യം? ഇതൊക്കെ തുഗ്ലക്ക് പരിഷ്‌കാരം: രമേശ് ചെന്നിത്തല

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

ചെന്നിത്തലയുടേത് പാവപ്പെട്ട കുട്ടികൾക്കെതിരെയുള്ള പോർവിളി.. കോൺഗ്രസ്‌ നേതാവ് രമേശ് ചെന്നിത്തലയുടേത് വെറുമൊരു രാഷ്ട്രീയ പ്രസ്താവനയല്ല, മറിച്ച് കേരളത്തിലെ പാവപ്പെട്ട കുട്ടികളുടെ ഭാവിക്ക് നേരെയുള്ള പോർവിളിയാണ്. സർക്കാർ വിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തുമ്പോൾ അതിനെ 'തുഗ്ലക്ക് പരിഷ്കാരം' എന്ന് വിളിക്കാൻ ചെന്നിത്തലയ്ക്ക് എങ്ങനെ സാധിക്കുന്നു?

ഇതാണോ ചെന്നിത്തല പറയുന്ന 'തുഗ്ലക്ക് പരിഷ്കാരം'? പാഠപുസ്തകങ്ങൾ നേരത്തെ എത്തിക്കുന്നത് കുറ്റമോ?: സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികളുടെ കൈയിൽ പുസ്തകവും യൂണിഫോമും എത്തിക്കുന്നത് ഭരണപരമായ മികവാണ്. അല്ലാതെ പഴയ യു.ഡി.എഫ് കാലത്തെപ്പോലെ ഓണം കഴിഞ്ഞിട്ടും പുസ്തകത്തിനായി കുട്ടികളെ തെരുവിൽ കാത്തുനിർത്തുന്നതാണോ നിങ്ങളുടെ വികസന മാതൃക?

2000 സ്കൂളുകളിൽ 7000 റോബോട്ടിക് ലാബുകൾ സ്ഥാപിച്ച് പാവപ്പെട്ടവന്റെ മക്കളെ ആധുനിക സാങ്കേതികവിദ്യ പഠിപ്പിക്കുന്നത് തുഗ്ലക്ക് പരിഷ്കാരമാണോ? വരേണ്യവർഗത്തിന് മാത്രം ലഭിച്ചിരുന്ന ഈ സൗകര്യങ്ങൾ സാധാരണക്കാരന് ലഭ്യമാക്കുന്നത് കാണുമ്പോഴാണോ നിങ്ങൾക്ക് അസ്വസ്ഥത? കിഫ്‌ബി വഴി 973 സ്കൂളുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങൾ നിർമ്മിച്ചു നൽകുന്നു. അടച്ചുപൂട്ടാൻ പോയിരുന്ന സർക്കാർ സ്കൂളുകളെ ജനകീയമാക്കി മാറ്റിയതാണോ ചെന്നിത്തല പരിഹസിക്കുന്ന 'തുഗ്ലക്ക്' രീതി? ലോകം മാറുന്നതിനനുസരിച്ച് നമ്മുടെ കുട്ടികളും മാറണം. അതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും 3D മോഡലിംഗും സിലബസിന്റെ ഭാഗമാക്കിയത് തെറ്റാണോ? അതോ നമ്മുടെ കുട്ടികൾ ഇന്നും കല്ലേപ്പലകയിൽ മാത്രം പഠിച്ചാൽ മതിയെന്നാണോ ചെന്നിത്തലയുടെ വാശി?

വിദ്യാർത്ഥികൾക്ക് അപകട/ലൈഫ് ഇൻഷുറൻസ് പരിരക്ഷയും സൗജന്യ ഹെൽത്ത് കാർഡും ഉറപ്പാക്കി. പാവപ്പെട്ട കുടുംബങ്ങൾക്ക് താങ്ങായി നിൽക്കുന്ന ഈ സുരക്ഷാ പദ്ധതികളാണോ നിങ്ങൾക്ക് പരിഹാസ്യമായി തോന്നുന്നത്? പരീക്ഷാഫലം വരുന്നതിന് മുമ്പേ പുസ്തകം അച്ചടിക്കുന്നത് ആസൂത്രണമില്ലായ്മയല്ല, മറിച്ച് നിശ്ചയദാർഢ്യമാണ്. തോൽക്കുമോ ജയിക്കുമോ എന്ന് സംശയിച്ചു നിൽക്കുന്ന ചെന്നിത്തലയുടെ രാഷ്ട്രീയ മന:സ്ഥിതിയല്ല കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനുള്ളത്. പാവപ്പെട്ടവന്റെ മക്കൾ പഠിച്ചുയരുന്നത് കണ്ട് സമനില തെറ്റിയ ചെന്നിത്തല കേരളത്തിലെ വിദ്യാർഥികളോട് മാപ്പു പറയണം.

അതേസമയം, പാഠപുസ്തകം നേരത്തെ എത്തിക്കുന്നതിനെ വിമർശിച്ച രമേശ് ചെന്നിത്തലയ്ക്ക് എതിരെ മുഖ്യമന്ത്രിയും രംഗത്തെത്തി. പണ്ട് എഴുത്തോലയിൽ എഴുതി പഠിച്ചത് കൊണ്ട് ഇന്ന് എഴുത്തോലയിലേക്ക് പോകണോ എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. യുഡിഎഫ് കാലത്തെ കെടുകാരസ്ഥതയ്ക്ക് നേതൃത്വം കൊടുത്ത ആളാണ് ഇത് പറയുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com