
തൃശൂർ: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് പ്രഖ്യാപനം. ആഘോഷ ദിവസങ്ങളില്‍ കുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി നല്‍കുംകുഞ്ഞുങ്ങൾ വർണ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരിൽ നടന്നത്. ഈ യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. "സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ വർണ പൂമ്പാറ്റകളായി. കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനം," മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം 5,6,7,9 ക്ലാസുകളില്‍ മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വായനാശീലം പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങൾക്ക് അടുത്ത വർഷം മുതല്‍ ഗ്രേസ് മാർക്ക് ഏർപ്പെടുത്തും. പാഠ പുസ്തകങ്ങളുടെ ഭാരം കുറക്കാൻ എല്ലാവരുടേയും അഭിപ്രായം തേടുമെന്നും കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൗൺസിലർമാരുടെ മേഖല യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.