
കൊല്ലം തേവലക്കര ബോയ്സ് സ്‌കൂളില്‍ എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് നോട്ടീസ് കൊടുത്തുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. മറ്റു നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ആരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ കുടുംബത്തോടൊപ്പമാണ്. രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ല. മരണ വീട്ടില്‍ പോകുന്ന മന്ത്രിമാരെ കരങ്കൊടികാണിക്കുന്ന രീതി ശരിയാണോ എന്നും മന്ത്രി ചോദിച്ചു.
കരിങ്കൊടി കാണിച്ചവരും പ്രതിഷേധിച്ചവരും ഒന്നും കുടുംബത്തെ സഹായിക്കുന്നില്ലല്ലോ. കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ചെയ്തു വരികയാണ്. ഇത്രയും സഹായങ്ങള്‍ ഏത് സര്‍ക്കാര്‍ 48 മണിക്കൂറിനുള്ളില്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു.
കരിങ്കൊടി കാണിക്കലാണോ സഹായം? സിപിഐഎമ്മിന്റെ സ്വാധീനം ഉപയോഗിച്ച് കേരളത്തിലെ ഏത് സ്ഥലത്ത് പോകാനും ഒരു പേടിയുമില്ല. സംഘര്‍ഷം ഒഴിവാക്കാനാണ് മാറി നില്‍ക്കുന്നത്. കരിങ്കൊടി കാണിക്കുന്നതിലൂടെ പുതിയ രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
സംഭവത്തില്‍ സ്‌കൂളിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട്. സുരക്ഷ പ്രോട്ടോകോള്‍ പാലിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിയിട്ടുണ്ട് .സ്‌കൂളിലെ പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സ്‌കൂള്‍ മാനേജ്മെന്റിന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ അത് ചെയ്യുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ്, തേവലക്കര ബോയ്സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂളിലെത്തി കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. ഇരുമ്പ് ഷീറ്റിട്ട ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്. ഇത് എടുക്കാന്‍ വേണ്ടി മുകളിലേക്ക് കയറി. ഷീറ്റിനു മുകളില്‍ ബെഞ്ചിട്ടു. അതിനിടെ തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയപ്പോള്‍ തൊട്ടടുത്ത വീട്ടിലേക്ക് പോകുന്ന വൈദ്യുതി ലൈനില്‍ കൈ തട്ടുകയായിരുന്നു. ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകര്‍ ട്രാന്‍സ്ഫോമര്‍ ഓഫ് ചെയ്തശേഷം, മിഥുനെ താഴെയിറക്കി. ഉടന്‍ തന്നെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.