തിരുവനന്തപുരം: തേവലക്കര ബോയ്സ് ഹൈസ്കൂളിന് സമീപത്തെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന് വീടൊരുങ്ങി. 'മിഥുൻ ഭവനം' എന്ന പേരിൽ പണിത സ്നേഹവീടിൻ്റെ താക്കോൽദാനം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. മിഥുൻ്റെ മാതാപിതാക്കളിൽ ആർക്കെങ്കിലും തേവലക്കര സ്കൂളിൽ ജോലി നൽകണമെന്ന് ശിവൻകുട്ടി ആവശ്യപ്പെട്ടു. കുട്ടികളിൽ നിന്ന് ഒരു രൂപ പോലും പിരിക്കാതെ, വെറും ആറുമാസം കൊണ്ട് 1000 സ്ക്വയർ ഫീറ്റിൽ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ വീട് പണിതീർത്തത്. വീട് പൂർത്തിയായ വിവരം വിദ്യാഭ്യാസമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
വിദ്യാഭ്യാസമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
നോവ് ബാക്കിയായി, എന്നാൽ മിഥുൻ്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു...
തേവലക്കര ബോയ്സ് ഹൈസ്കൂളിന് സമീപത്തെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട എട്ടാം ക്ലാസ്സുകാരൻ മിഥുൻ്റെ വിയോഗം ഇന്നും ഉണങ്ങാത്ത മുറിവാണ്. സ്കൂൾ മുറ്റത്തെ കളിചിരികൾക്കിടയിൽ അപ്രതീക്ഷിതമായി എത്തിയ മരണം ആ കുരുന്നിനെ തട്ടിയെടുത്തപ്പോൾ, വിറങ്ങലിച്ചു നിൽക്കാനേ നമുക്ക് സാധിച്ചുള്ളൂ.
മിഥുൻ തൻ്റെ കുടിലിൻ്റെ ചുവരിൽ വരച്ചുചേർത്ത വലിയൊരു സ്വപ്നമായിരുന്നു ഒരു നല്ല വീട്. ഇന്ന് അവൻ്റെ ആ സ്വപ്നം 'മിഥുൻ ഭവനം' എന്ന പേരിൽ തലയുയർത്തി നിൽക്കുന്നു. പക്ഷേ, ആ മനോഹരമായ വീടിൻ്റെ ഉമ്മറത്ത് മിഥുനില്ല എന്ന വേദന നമ്മെയെല്ലാം വേട്ടയാടുന്നുണ്ട്.
മിഥുൻ്റെ ആഗ്രഹം സഫലമാക്കാൻ മുന്നിട്ടിറങ്ങിയ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിനെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. കുട്ടികളിൽ നിന്ന് ഒരു രൂപ പോലും പിരിക്കാതെ, വെറും ആറുമാസം കൊണ്ട് 1000 സ്ക്വയർ ഫീറ്റിൽ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ വീട് പണിതീർത്തത്. ഇത് അങ്ങേയറ്റം മാതൃകാപരമായ പ്രവർത്തനമാണ്. മിഥുൻ്റെ കുടുംബത്തിനുള്ള ഈ സ്നേഹവീടിൻ്റെ താക്കോൽദാനം ഇന്ന് നിർവഹിക്കും. മിഥുൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.