തിരുവനന്തപുരം: കേന്ദ്രം നൽകാനുള്ള എസ്എസ്കെ ഫണ്ടിൻ്റെ ആദ്യഘടു ലഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യഭ്യാസ അവകാശനിയമം പ്രകാരമുള്ള ഫണ്ടാണ് ലഭിച്ചത്. രണ്ട് വർഷത്തിനുശേഷമാണ് ഫണ്ട് അനുവദിച്ചത്. 92.41 കോടിയാണ് ഇപ്പോൾ ലഭിച്ചത്. 17 കോടി രൂപ ഇനിയും ലഭിക്കാൻ ഉണ്ടെന്നും ബാക്കിയുള്ള ഫണ്ട് വൈകാതെ കിട്ടും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
നവംബർ 10ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണും. നിലവിൽ അദ്ദേഹം ബിഹാറിലാണ്. 10ന് ഡൽഹിയിലെത്താം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കും. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠിപ്പിക്കുന്ന സ്‌പെഷ്യലിസ്റ്റ് എഡ്യൂക്കേറ്റർക്കുള്ള ഫണ്ട് ഉടൻ ലഭിക്കും എന്നാണ് പ്രതീക്ഷയെന്നും വി. ശിവൻകുട്ടി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കാത്തതിൽ സിപിഐക്ക് അതൃപ്‌തിയില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു. നമുക്ക് നമ്മുടെ കാര്യം കാര്യം നടക്കണം. കത്ത് അയക്കാൻ സമയം എടുക്കും. കത്തയക്കാൻ നടപടിക്രമങ്ങൾ ഉണ്ടല്ലോ. നിയമപദേശം കിട്ടിയ ഉടനെ കത്തയക്കും. സിപിഐക്ക് വിഷമമൊന്നുമില്ല. വിഷമം ആവേണ്ട കാര്യമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആകെ പ്രശ്നമാണ് ഇത്. ചില പത്രമാധ്യങ്ങളാണ് ഇതിൽ കരഞ്ഞുകൊണ്ടിരിക്കുന്നത്. എൽഡിഎഫിൽ ഒരു പ്രശ്നവുമില്ല. പ്രശ്നമുണ്ടാക്കാൻ ചില ആൾക്കാർ ശ്രമിച്ചു. അങ്ങനെ പ്രശ്നമുണ്ടാകുന്ന ഇടം അല്ലല്ലോ ഇടതുപക്ഷ ജനാധിപത്യ മുന്നണി. കോൺഗ്രസ് അല്ലല്ലോ ഞങ്ങൾ. കോൺഗ്രസിൽ ആണെങ്കിൽ ഒരാൾ പറയുന്നതാണ് തീരുമാനമെന്നും വി. ശിവൻകുട്ടി പറഞ്ഞു.