തിരുവനന്തപുരം: പിഎം ശ്രീയിൽ നിർണായക നിലപാടുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ധാരണാ പത്രത്തിൽ നിന്ന് ഏത് നിമിഷവും പിന്മാറാമെന്ന കരാർ ഉണ്ട്. അങ്ങനെ തീരുമാനമെടുക്കാനുള്ള അവകാശം സർക്കാരിന് ഉണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. ഈ മാസം 24 ന് തന്നെ കേരള സർക്കാർ പദ്ധയിൽ നിന്ന് പിന്മാറുമെന്ന വാർത്ത ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. ന്യൂസ് മലയാളം അസോസിയേറ്റ് എഡിറ്റർ മഹേഷ് ചന്ദ്രനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പദ്ധതി കേരളത്തിന് വേണ്ടെന്നും, പിഎം ശ്രീ സ്കൂളുകളും വേണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി. എംഒയു ഒപ്പിട്ടത് സമഗ്ര ശിക്ഷ പദ്ധതിക്കുള്ള കുടിശിക കിട്ടാൻ വേണ്ടി മാത്രമെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കേരളം ഇതുവരെ തുടർന്നുവന്ന വിദ്യാഭ്യാസ നയം അടിയറ വെക്കില്ല. കെ.സുരേന്ദ്രൻ പറഞ്ഞത് കേരളത്തിൽ നടക്കാൻ പോകുന്നില്ലെന്നും അത് സുരേന്ദ്രന്‍റെ സ്വപ്നം മാത്രമാണെന്നും മന്ത്രി അറിയിച്ചു.
പിഎം ശ്രീക്കായി ഒപ്പിട്ടത് സമഗ്ര ശിക്ഷാ പദ്ധതിക്ക് കിട്ടേണ്ട പണം കിട്ടാൻ വേണ്ടി മാത്രമാണ്. പാവപ്പെട്ട കുട്ടികളുടെ പണം നഷ്ടമാകാതിരിക്കാനുള്ള തന്ത്രം മാത്രമാണിതെന്നും ശിവൻകുട്ടി പറഞ്ഞു. വിദേശസന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങി എത്തിയാലുടൻ പിഎം ശ്രീയിൽ ചർച്ച നടക്കുമെന്ന അറിയിപ്പ് നിലനിൽക്കേയാണ് വിദ്യാഭ്യാസമന്ത്രി നിർണായക തീരുമാനം പുറത്തുവിട്ടത്.
പിഎം ശ്രീ പദ്ധതിയിൽ കലാപക്കൊടി ഉയർത്തിയ സിപിഐയെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇത്തരമൊരു നിർണായക തീരുമാനം പുറത്തുവന്നത്. പദ്ധതിയെക്കുറിച്ചുള്ള തർക്കങ്ങൾക്കും ആശങ്കകൾക്കും ഈ തീരുമാനം ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.