തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് മന്ത്രി വി. ശിവൻകുട്ടി. രണ്ട് കള്ളന്മാർ വ്യക്തിപരമായി നേരിൽ കണ്ടത് സോണിയ ഗാന്ധിയാണെന്നും ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതേസമയം ഒരാൾ നാളെ കൊള്ളക്കാരൻ ആണെന്ന് തെളിഞ്ഞാൽ അയാളുടെ കൂടെ ചിത്രം എടുത്തവർ എല്ലാവരും കൊള്ളക്കാർ ആകുമോ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ ചോദ്യം.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെയും തന്ത്രിയെയും പോറ്റിയെയും അറസ്റ്റ് ചെയ്തു. അപ്പോൾ സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്താൽ എന്താണ് തെറ്റെന്നാണ് ശിവൻകുട്ടിയുടെ ചോദ്യം. അറസ്റ്റ് ചെയ്തു ചോദ്യം ചെയ്താൽ അല്ലേ കാര്യങ്ങൾ വ്യക്തമാകൂ എന്ന് ചോദിച്ച ശിവൻകുട്ടി, രണ്ടുവട്ടം കണ്ടു എന്നതാണ് ഗൗരവമായ വിഷയമെന്നും കൂട്ടിച്ചേർത്തു.
സോണിയ ഗാന്ധിയുടെ വീട്ടിൽ സ്വർണമുണ്ടെന്നും സോണിയയെ അറസ്റ്റ് ചെയ്യണമെന്നും വി. ശിവൻകുട്ടി നിയമസഭയിലും പറഞ്ഞിരുന്നു. സോണിയ ഗാന്ധിയെ പറ്റി പറയണമെന്ന് പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു. "ഒരുവട്ടം കാണാൻ പോയെന്നത് മനസ്സിലാക്കാം. എന്നാൽ രണ്ടാം വട്ടവും പോറ്റി എന്തിനു പോയി? അത് അറിയാൻ ആളുകൾക്ക് താൽപ്പര്യം ഉണ്ട്. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത് പ്രത്യേക അന്വേഷണസംഘമാണ്," വി. ശിവൻകുട്ടി പറഞ്ഞു.