കൊച്ചി: എട്ടാം ക്ലാസുകാരിക്ക് പള്ളുരുത്തി സ്കൂളിൽ പഠിക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ അധികൃതർ കുട്ടിയെ വിളിച്ച് പ്രശ്നങ്ങൾ പരിഹരിക്കണം. കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദത്തിന് ഉത്തരവാദികൾ മറുപടി പറയണമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
"കുട്ടിക്ക് ആ സ്കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവും ഉണ്ട്. എന്തിന്റെ പേരിലാണ് കുട്ടി പോകാത്തത് എന്ന് പരിശോധിക്കും. ആരുടെ വീഴ്ച മൂലമാണ് പോകാത്തത് എന്നും പരിശോധിക്കും. ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാട്. കുട്ടിയെ വിളിച്ച് ആ പ്രശ്നം തീർക്കാൻ ശ്രമിക്കണം", വി. ശിവൻകുട്ടി.
സ്കൂൾ യൂണിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ആവശ്യമില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു. സ്കൂളിന് മാന്യമായി പ്രശ്നം പരിഹരിക്കാൻ സാഹചര്യം ഉണ്ടായിരുന്നു. ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപികയാണ് കുട്ടി ഇത് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ് വലിയ വിരോധാഭാസവുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
അതേസമയം, നിയമങ്ങളും നിബന്ധനകളും അനുസരിച്ച് വിദ്യാർഥിനി വന്നാൽ ആദ്യ ദിനത്തിലെ സ്നേഹത്തോടെ സ്വീകരിക്കുമെന്ന് പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ പ്രിൻസിപ്പൾ എലീന ആൽബി പറഞ്ഞു. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ. വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണമില്ലാതെ മുന്നോട്ട് പോകുക ക്ലേശകരമാണ്. വിഷയത്തിൽ ഇടപെട്ട കേരള ഹൈക്കോടതിക്കും വിദ്യാഭ്യസ മന്ത്രിക്കും ഹൈബീ ഈഡൻ, കെ. ബാബു എംഎൽഎ, ഷോൺ ജോർജ് എന്നിവർക്കും നന്ദിയുണ്ടെന്നും പ്രിൻസിപ്പൾ പറഞ്ഞു.