

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് നടി മീനാക്ഷിയുടെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് മന്ത്രി വി. ശിവന്‍കുട്ടി. ന്യൂസ് മലയാളം ലീഡേഴ്‌സ് മോണിങ്ങിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് വി. ശിവന്‍കുട്ടിയുടെ പ്രതികരണം.
കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ എല്ലാം പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ ചേര്‍ത്തിട്ടുണ്ടെന്നും കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഇത്തരം അഭിപ്രായങ്ങള്‍ കേട്ടാണ് നാം പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയതെന്നും മന്ത്രി പറഞ്ഞു.
ലീഡേഴ്‌സ് മോണിങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനോടും വിദ്യാഭ്യാസ മന്ത്രിയോടും എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് മീനാക്ഷി നല്‍കിയ മറുപടിയോടാണ് മന്ത്രിയുടെ പ്രതികരണം. സിപിആര്‍ കൊടുക്കുന്നത് പോലെയുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്ന് അടുത്തിടെ താന്‍ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു. ഒരു അടിയന്തര സാഹചര്യം ഉണ്ടായാല്‍ എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ചുള്ള ക്ലാസുകള്‍ ഒക്കെ നല്‍കിയാല്‍ നല്ലതായിരിക്കുമെന്നാണ് മീനാക്ഷി പറഞ്ഞത്.
ഓരോ വര്‍ഷവും ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി പാഠപുസ്തകങ്ങള്‍ പുതുക്കുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞതാണെന്നും മന്ത്രി മീനാക്ഷിക്ക് മറുപടിയായി പറഞ്ഞു. ഫസ്റ്റ് എയ്ഡ് സംബന്ധിച്ച കാര്യങ്ങളും, ട്രാഫിക് ബോധവല്‍ക്കരണവും, സാമ്പത്തിക സാക്ഷരതയും, വേസ്റ്റ് മാനേജ്‌മെന്റും, നിയമ സാക്ഷരതയുമെല്ലാം വിവിധ ക്ലാസുകളിലെ പുസ്തകങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. പുതിയ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാവട്ടെ, നല്ലതിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ തനിക്ക് ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ സാധിക്കുന്നത് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയുടെ നല്ല പെരുമാറ്റം കൊണ്ടും കുട്ടികളോട് അത്ര നന്നായി സംസാരിക്കുന്നത് കൊണ്ടും അദ്ദേഹം തന്നെ മന്ത്രി അപ്പൂപ്പന്‍ എന്ന് പറയുന്നത് കൊണ്ടും ഒക്കെയാണെന്ന് മീനാക്ഷി ലീഡേഴ്‌സ് മോണിങ്ങില്‍ പറഞ്ഞു. എന്ത് ചോദിച്ചാലും ഉത്തരം കിട്ടുന്ന സ്ഥലത്താണ് നമ്മള്‍ നില്‍ക്കുന്നത് എന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ദളിത് എന്ന വാക്ക് പാഠപുസ്തകങ്ങളില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും അതില്‍ തൊട്ടുകൂടാത്തവര്‍ എന്ന് പഠിപ്പിക്കുന്നതിനെക്കുറിച്ചും മീനാക്ഷി പറഞ്ഞത് ചര്‍ച്ചയായിരുന്നു.
'ബ്രാഹ്‌മണന്‍... ക്ഷത്രിയന്‍... വൈശ്യന്‍... ശൂദ്രന്‍: എന്നെഴുതിയതിന് ശേഷം തൊട്ടു താഴെയായി (ഇപ്പോഴും നിലനില്ക്കുന്ന .' ദളിതന്‍ UNTOUCHABLES' എന്ന പദം അന്നും... ഇന്നും... എന്നെ അലോസരപ്പെടുത്തുന്നു. അതിനോടൊപ്പം മറ്റൊരു ബ്രാക്കറ്റില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വിഭാഗം എന്നു കൂട്ടി ചേര്‍ത്തിരുന്നുവെങ്കില്‍ എന്നത് കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഒരു പതിമൂന്ന് വയസ്സുകാരിയുടെ ആഗ്രഹമായിരുന്നുവെങ്കില്‍ ഇന്ന് ശരിയായ അറിവാര്‍ജ്ജിക്കുക എന്നത് ഒരു വിദ്യാര്‍ത്ഥിയുടെ അവകാശമായിത്തീര്‍ന്നിരിക്കുന്നു. വാസ്തവത്തില്‍ ശരിയും തെറ്റുമെല്ലാം അവനിലോ... ഇവനിലോ അല്ല മറിച്ച് എന്നിലോ നിന്നിലോ ആണ് നിലനില്ക്കുന്നത് എന്ന ബോദ്ധ്യം ചില തിരുത്തലുകള്‍ക്കെങ്കിലും വഴിയൊരുക്കിയേക്കാം. കാലത്തിനേയോ ഞാനും നിങ്ങളുമടങ്ങുന്ന സമൂഹത്തിനേയോ മാത്രം പഴിചാരി മാറാനാഗ്രഹിക്കാത്ത 'മാനുഷിക മൂല്യങ്ങള്‍ ' മനസ്സിലാക്കി ജീവിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ വരും തലമുറയ്ക്ക് ജാതി വേര്‍തിരിവുകള്‍ തിരിച്ചറിയാതിരിക്കാനായാല്‍ അതിനെയൊരു വിദ്യാഭ്യാസക്കുറവായല്ല....മറിച്ച് ഒരു സമൂഹത്തിന്റെ വിജയമായി കണക്കാക്കാന്‍ ഞാനാഗ്രഹിക്കുന്നു,' എന്നായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്.