നിര്‍ധന കുടുംബത്തിന് വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അച്ചാര്‍ ചലഞ്ച്; മാതൃകാ പ്രവര്‍ത്തനവുമായി വടകരയിലെ സ്‌കൂള്‍
കോഴിക്കോട് വടകര നാദാപുരത്ത് നിര്‍ധന കുടുംബത്തിന്റെ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അച്ചാര്‍ ചലഞ്ചുമായി വിദ്യാര്‍ഥികളുടെ മാതൃകാ പ്രവര്‍ത്തനം. ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ എന്‍എസ്എസ് യൂണിറ്റാണ് അച്ചാര്‍ ചലഞ്ചുമായി രംഗത്ത് വന്നത്. എന്‍എസ്എസ് യൂണിറ്റ് ഏറ്റെടുത്ത വീടിന്റെ അവസാനവട്ട നിര്‍മാണ പ്രവര്‍ത്തനത്തിനുള്ള പണം കണ്ടെത്താനാണ് കുട്ടികളുടെ കൂട്ടായ്മയില്‍ അച്ചാര്‍ ചലഞ്ച് നടത്തുന്നത്.
നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ മാനസ ഗ്രാമമായി തെരഞ്ഞെടുത്ത കച്ചേരിയിലെ ഒരു വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ചടട യൂണിറ്റ് വിദ്യാര്‍ഥികള്‍.
വീടിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഇതിനായി അച്ചാര്‍ ചലഞ്ചിലൂടെ ഫണ്ട് കണ്ടെത്തുകയാണ് വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികള്‍ തന്നെ നിര്‍മിച്ച അച്ചാറുമായി നാട്ടുകാരെ സമീപിച്ചാണ് ഫണ്ട് ശേഖരണം. ഒരു ബോട്ടിലിന് നൂറു രൂപ പ്രകാരം 2500 ബോട്ടില്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്.
അച്ചാര്‍ ചലഞ്ചിന്റെ വിപണനോദ്ഘാടനം പ്രശസ്ത സംഗീത സംവിധായകന്‍ പ്രേംകുമാര്‍ വടകര നിര്‍വഹിച്ചു. സ്‌കൂളില്‍ തട്ടുകട നടത്തിയും ഈ കുട്ടിക്കൂട്ടം ഇത്തരം സേവനങ്ങള്‍ക്ക് പണം കണ്ടെത്തുന്നുണ്ട്. കുട്ടികളുടെ ശ്രമത്തിന് പിന്തുണയുമായി രക്ഷിതാക്കളും അധ്യാപകരും ഒപ്പമുണ്ട്.