വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നാണ് മരണം
വാഴൂർ സോമന്‍ എംഎല്‍എ
വാഴൂർ സോമന്‍ എംഎല്‍എ
Published on

തിരുവനന്തപുരം: പീരുമേട് എംഎല്‍എയും സിപിഐ നേതാവുമായ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഒരു പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് തിരുവനന്തപുരം ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ ആശുപത്രിയല്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന ഇടുക്കി ജില്ലാ റവന്യൂ അസംബ്ലിയിൽ പങ്കെടുത്ത് പീരുമേട്ടിലെ റവന്യൂ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ച് ഇറങ്ങുമ്പോഴാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ റവന്യൂ മന്ത്രി കെ. രാജന്‍ ഉള്‍പ്പെടെയുള്ളവർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുഞ്ഞുപാപ്പൻ്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14-ാം തീയതി കോട്ടയം ജില്ലയിലെ വാഴൂർ ആണ് ജനനം. എഐഎസ്എഫ് സംസ്ഥാന നേതാവ്, ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ(2005-2010), കേരള സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷൻ അധ്യക്ഷൻ (2016-2021), എഐറ്റിയുസി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ പ്രവർത്തക സമിതി അംഗം എന്നീ നിലകളില്‍‌ പ്രവർത്തിച്ചു. 2021ൽ 15-ാം കേരള നിയമസഭയിലേയ്ക്ക് പീരുമേട് നിയോജക മണ്‌ഡലത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു.

കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടിനാണ് വാഴൂർ സോമന്‍ പരാജയപ്പെടുത്തിയത്. വിജയത്തിനെതിരെ സിറിയക് തോമസ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു. എന്നാല്‍ അത് തള്ളി.

വാഴൂർ സോമന്‍ എംഎല്‍എ
വാഴൂർ സോമന് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം

ഭൗതികശരീരം ഏഴു മണിക്ക് എംഎന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് രാത്രി തന്നെ വണ്ടിപ്പെരിയാറിലേക്കു കൊണ്ടുപോകും.

ഭാര്യ: ബിന്ദു സോമന്‍, മക്കള്‍: സോബിന്‍ സോമന്‍, സോബിത്ത് സോമന്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com