
പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്കെതിരായ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം അധിക്ഷേപമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരാളെ കുറിച്ച് എന്തും പറയാമെന്ന നിലയായോ എന്നും വി.ഡി. സതീശന്‍ ചോദിച്ചു. സിപിഐഎം അയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാഫി പറമ്പില്‍ പരാതി നല്‍കുമെന്നാണ് കരുതുന്നത്. പറവൂരില്‍ എല്ലാവര്‍ക്കും എതിരെ കേസാണ്. ഗോപാല കൃഷ്ണന്റെ ഭിന്ന ശേഷിക്കാരിയായ ഭാര്യ പരാതി നല്‍കിയിട്ട് കേസ് എടുത്തിട്ടില്ല. സിപിഐഎമ്മുകാര്‍ക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഇല്ലാത്ത ആളുകള്‍ക്ക് എതിരെ വരെ കേസ് എടുക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ഷാഫിക്കെതിരെ ജില്ലാ സെക്രട്ടറി പരസ്യമായാണ് പറഞ്ഞത്. സിപിഐഎം ഇ.എന്‍. സുരേഷ് ബാബുവിനെ പുറത്താക്കണം ഷാഫിയുടെ പരാതിയില്‍ കേസെടുക്കണം. എറണാകുളത്തെ വിഷയം സിപിഐഎമ്മുകാര്‍ തന്നെയാണ് പുറത്തുകൊടുത്തത്. അതില്‍ കാണിക്കുന്ന ആവേശവും അതില്‍ വെള്ളപൂശാന്‍ എടുക്കുന്ന ശ്രമമെന്നും ഇക്കാര്യത്തില്‍ ഇല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അധിക്ഷേപം ചൊരിഞ്ഞത് സിപിഐഎം. പൊതുയോഗങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ മോശമായി സംസാരിക്കുന്നത് സിപിഐഎം. ഞങ്ങള്‍ ആരെങ്കിലും ഒരു പരാതി കൊടുത്താല്‍ അത് നിയമത്തിനനുസരിച്ച് വരില്ല. സിപിഐഎമ്മിന് ഒരു നിയമവും ബാക്കിയുള്ളവര്‍ക്ക് ഒരു നിയമവുമെന്ന നിലയാണ് ഇപ്പോള്‍. സിപിഐഎമ്മിന്റെ രീതിയാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഷാഫിയും രാഹുല്‍ മാങ്കൂട്ടത്തിലും സ്ത്രീ വിഷയങ്ങളില്‍ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നായിരുന്നു ഇഎന്‍ സുരേഷ് ബാബുവിന്റെ പരാമര്‍ശം. കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തി തുടങ്ങിയപ്പോഴാണ് രാഹുലിനെതിരെ വിഡി സതീശന്‍ നടപടി എടുത്തത്. സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാഷാണ് ഷാഫിയെന്നും, ഹെഡ്മാഷ് തന്നെ നല്ലൊരു ആളെ കണ്ടാല്‍ ബെംഗളൂരുവിലേക്ക് ട്രിപ്പ് അടിക്കാമോ എന്നാണ് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് എത്തിയ രാഹുലിനും എംഎല്‍എ ഓഫീസിനും കോണ്‍ഗ്രസ് നേതൃത്വം സംരക്ഷണം നല്‍കിയെന്നും സിപിഐഎം നേതാവ് പറഞ്ഞു. മരണവീട്ടില്‍ പോലും രാഹുലിന് ആവേശകരമായ സ്വീകരണമാണ് നേതാക്കള്‍ നല്‍കിയത്. രാഹുലിനെ പേരിന് പുറത്താക്കുകയും പിന്നിലൂടെ സംരക്ഷണം നല്‍കുകയും ചെയ്യുകയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കിന് പുല്ല് വിലയാണ് കോണ്‍ഗ്രസ് കൊടുക്കുന്നതെന്നും ഇ.എന്‍.സുരേഷ് ബാബു പറഞ്ഞു.
വിഷയത്തില്‍ സിപിഐഎം പ്രതിഷേധം തുടരുമെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി. പെണ്‍കുട്ടികള്‍ ഉള്ള കോണ്‍ഗ്രസുകാര്‍ രാഹുലിനെ വീട്ടിലേക്ക് ക്ഷണിക്കുമോ എന്നാണ് സുരേഷ് ബാബുവിന്റെ ചോദ്യം. ആത്മാഭിമാനം ഉള്ള കോണ്‍ഗ്രസുകാര്‍ വീട്ടിലേക്ക് വരേണ്ട എന്നെ പറയൂ. രാഹുല്‍ കണ്ടാമൃഗത്തെക്കാള്‍ തൊലിക്കട്ടിയാണ് കാണിക്കുന്നതെന്നും ഇ.എന്‍. സുരേഷ് ബാബു.
അതേസമയം രാഹുലിനെ കണ്ടാല്‍ സംസാരിക്കാതെ പോകില്ലെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള വി.ഡി. സതീശന്റെ മറുപടി. രാഹുലിനെ എന്റെ മുന്നില്‍ കണ്ടാല്‍ ഹസ്തദാനം ചെയ്യും. പി. സരിനെ കണ്ടാലും സംസാരിക്കും. മണ്ഡലത്തിലെത്തിയ മാങ്കൂട്ടത്തിലിന് അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമോ? എന്ന ചോദ്യത്തില്‍ ഹൈപ്പോത്തറ്റിക്കല്‍ ചോദ്യം വേണ്ടെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു.