"രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരന്‍ പരിവേഷം കെസി ദുരുപയോഗം ചെയ്തു"; ആഞ്ഞടിച്ച് വി.ഡി. സതീശന്‍

ഹൈക്കമാന്‍ഡിനു മുന്നില്‍ എത്തിയപ്പോഴായിരുന്നു വി.ഡി. സതീശന്റെ വിമര്‍ശനങ്ങള്‍
"രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരന്‍ പരിവേഷം കെസി ദുരുപയോഗം ചെയ്തു"; ആഞ്ഞടിച്ച് വി.ഡി. സതീശന്‍
Published on
Updated on

കൊച്ചി: ഹൈക്കമാന്‍ഡിനു മുന്നില്‍ കെ.സി. വേണുഗോപാലിനെതിരെ തുറന്നടിച്ച് വി.ഡി. സതീശന്‍. ഡല്‍ഹിയില്‍ എഐസിസി നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വി.ഡി. സതീശന്റെ വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരന്‍ എന്ന പരിവേഷം കെ.സി. വേണുഗോപാല്‍ ദുരുപയോഗം ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ എത്തിയപ്പോഴായിരുന്നു വി.ഡി. സതീശന്റെ വിമര്‍ശനങ്ങള്‍. പത്തു മിനിറ്റാണ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ സമയം അനുവദിച്ചതെങ്കിലും 20- 25 മിനിറ്റോളം മൂന്നു നേതാക്കളും കേന്ദ്ര നേതാക്കള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു.

പാര്‍ട്ടിക്കുള്ളില്‍ കെ.സി. വേണുഗോപാല്‍ ഗ്രൂപ്പ് വളര്‍ത്തിയെന്നാണ് വി.ഡി. സതീശന്റെ പ്രധാന ആരോപണവും വിമര്‍ശനവും. വി.ഡി. സതീശന്റെ പ്രധാന വിമര്‍ശനങ്ങള്‍ ഇങ്ങനെ,

"രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരന്‍ പരിവേഷം കെസി ദുരുപയോഗം ചെയ്തു"; ആഞ്ഞടിച്ച് വി.ഡി. സതീശന്‍
മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കില്ല; കടുംപിടുത്തം തുടർന്ന് നേതാക്കൾ

താന്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കാന്‍ പരിശ്രമിച്ചപ്പോള്‍ കെ.സി. വേണുഗോപാല്‍ ഗ്രൂപ്പ് വളര്‍ത്തുകയായിരുന്നു. ബ്ലോക്ക് പ്രസിഡണ്ട് തലം മുതല്‍ മുകളിലേക്ക് സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കുന്നതില്‍ കെ.സി. വിജയിച്ചു.

മറ്റ് ഗ്രൂപ്പുകളില്‍ പെട്ട ആളുകള്‍ക്ക് അര്‍ഹതയ്ക്കനുസരിച്ച് സ്ഥാനമാനങ്ങള്‍ ലഭ്യമായപ്പോള്‍ അതൊക്കെ തന്റെ ശ്രമഫലം ആണെന്ന് ഓര്‍മിപ്പിച്ച് അവരുടെ ലോയല്‍റ്റി ഉറപ്പിക്കാന്‍ കെ.സി. വേണുഗോപാല്‍ ശ്രമിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷം താന്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കുന്ന സമയത്ത് മുസ്ലിം ലീഗ് പോലും മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഘട്ടമായിരുന്നു. അവര്‍ക്ക് ആത്മവിശ്വാസം കൊടുത്തു കൂടെ നിര്‍ത്താന്‍ കഴിഞ്ഞു.

കേരളത്തിന്റെ മതേതര പൊതുബോധത്തെ അട്ടിമറിക്കാന്‍ ബിജെപിയുടെ നിരന്തരശ്രമം ഉണ്ടായപ്പോള്‍ അതിനെ ചെറുത്തു. ക്രിസ്ത്യന്‍ മുസ്ലിം റിഫ്റ്റ് ഉണ്ടാക്കാനുള്ള ബിജെപി ശ്രമം ഇല്ലാതാക്കി. ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കുന്നതിന്റെ ഇമ്മീഡിയറ്റ് ബെനിഫിഷ്യറി സിപിഐഎമ്മും പിന്നീട് ബിജെപിയും ആണ് എന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ പ്രവര്‍ത്തിച്ചു.

ഏറ്റവും വലിയ സാമുദായിക നേതാക്കളില്‍ ഒരാളായ വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളെ തുറന്ന് എതിര്‍ത്തതുകൊണ്ട് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും പിന്തുണ കിട്ടി.ഈ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയം അതുകൊണ്ട് കൂടി ഉണ്ടായതാണ്.

പിണറായി വിജയന്‍ അതിശക്തനായ നേതാവായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞു. സിപിഐഎം എന്താവും എന്ന് തല്‍ക്കാലം പ്രവചിക്കാനാവില്ല. അതുകൊണ്ടുതന്നെ അതിശക്തമായി ബിജെപിയെ ഇനിയും എതിര്‍ക്കേണ്ടതുണ്ട്. അത് തുടര്‍ന്നും നിര്‍വഹിക്കും എന്നുള്ള ഉറപ്പാണ് വി.ഡി. സതീശന്‍ ഹൈക്കമാഡിന് മുന്നില്‍ അവതരിപ്പിച്ചത്.

മൂകാംബിക യാത്രയില്‍ അദാനി പോര്‍ട്ടിന്റെ പ്രതിനിധിയേയും കര്‍ണാടകത്തിലെ എന്‍ഡിഎ ഘടകകക്ഷി നേതാക്കളെയും കണ്ട വാര്‍ത്തയ്ക്കും വി.ഡി. സതീശന്‍ ഹൈക്കമാന്റിന് മുന്നില്‍ വിശദീകരിച്ചു. മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ ഇവരുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ അടക്കം ഹൈക്കമാന്റിന് കൈമാറിയായിരുന്നു വിശദീകരണം.

താന്‍ പ്രവര്‍ത്തകരെ സഹായിക്കുന്ന ആളല്ലെന്നും ധിക്കാരി ആണെന്നും പാര്‍ട്ടിക്കുവേണ്ടി പണം സ്വരൂപിക്കാന്‍ കഴിവില്ലാത്തവന്‍ ആണെന്നും ഒക്കെയുള്ള വ്യാജ പ്രചാരണം കെ സി അനുകൂലികള്‍ വ്യാപകമായി നടത്തുന്നു എന്ന പരാതിയും വി ഡി സതീശന്‍ ഹൈക്കമാന്റിനോട് പറഞ്ഞു.

News Malayalam 24x7
newsmalayalam.com