
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോടികളുടെ കളവും വിൽപ്പനയുമാണ് ശബരിമലയിഷ നടന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ചേർന്ന് ദേവസ്വം ബോർഡ് ശബരിമലയേയും വിശ്വാസികളെയും വഞ്ചിച്ചു എന്നാണ് ഹൈക്കോടതി പറഞ്ഞത്. ചെന്നൈയിൽ എത്തിച്ചത് ചെമ്പ് മാത്രമുള്ള ദ്വാരപാലക ശില്പമായിരുന്നു, യഥാർഥ സ്വർണം പൂശിയ ശിൽപ്പം ഉയർന്ന നിരക്കിൽ വിൽപ്പന നടത്തിയെന്നും ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ടെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
"ശബരിമല ധർമ്മശാസ്താവിന്റെ ദ്വാരപാലക ശിൽപ്പം ഏത് സംസ്ഥാനത്തെ ഏതു കോടീശ്വരന്റെ വീട്ടിലേക്കാണ് വിറ്റിരിക്കുന്നത് എന്ന് സിപിഎം പറയണം. കോടികൾ മറിയുന്ന കച്ചവടമാണ് നടന്നത്. എത്ര കള്ളന്മാരാണ് തലപ്പത്തിരിക്കുന്നത്. മോഷണം നടന്നുവെന്ന് ദേവസ്വം ബോർഡിന് അറിയാമായിരുന്നു. പലരും പെടുമെന്ന് ഉറപ്പായപ്പോൾ അതി മൂടിവെച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിൽ മാത്രം കേസെടുക്കാനാകില്ല. ദേവസ്വത്തിലേയും സർക്കാരിലെയും വമ്പൻമാർ കൂടി കേസിൽ അകപ്പെടും. അതുകൊണ്ടാണ് മൂടി വെയ്ക്കുന്നത്", വി.ഡി. സതീശൻ.
ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ഇപ്പോഴത്തെ ദേവസ്വം ബോർഡ് അംഗങ്ങൾ രാജിവയ്ക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കമുള്ളവരെയും പുറത്താക്കണം. പ്രതിപക്ഷ ആരോപണങ്ങൾ അടിവരയിടുന്നതാണ് കോടതിയുടെ നിരീക്ഷണങ്ങൾ. കോടതി മേൽ നോട്ടത്തിലെ അന്വേഷണം സ്വാഗതം ചെയുന്നു. വിഷയത്തിൽ അതിശക്തമായ പ്രക്ഷോഭം സഭയ്ക്ക് അകത്തും പുറത്തും തുടരുമെന്നും വി.ഡി. സതീശൻ പറഞ്ഞു.