"എസ്എൻഡിപിയുമായി ഐക്യത്തിനില്ലാത്തത് എൻഎസ്എസിൻ്റെ ആഭ്യന്തര കാര്യം"; എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പോവുകയാണ് ലക്ഷ്യമെന്ന് കോൺ​ഗ്രസ് നേതാക്കൾ

കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഒരു സമുദായത്തെയും ഇടപെടാൻ അനുവദിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ
"എസ്എൻഡിപിയുമായി ഐക്യത്തിനില്ലാത്തത് എൻഎസ്എസിൻ്റെ ആഭ്യന്തര കാര്യം"; എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പോവുകയാണ് ലക്ഷ്യമെന്ന് കോൺ​ഗ്രസ് നേതാക്കൾ
Published on
Updated on

തിരുവനന്തപുരം: എസ്എൻഡിപി-എൻഎസ്എസ് ഐക്യം പാളിയതിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാക്കൾ. ഐക്യത്തിൽ നിന്നും പിന്മാറിയ എൻഎസ്എസിന്റെ നിലപാട് അവരുടെ ആഭ്യന്തര കാര്യമാണെന്നും എല്ലാവരും തമ്മിലുള്ള ഐക്യം ഉണ്ടാകുന്നെങ്കിൽ നല്ലതാണെന്നാണ് താൻ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറ‍ഞ്ഞു. ഒരു സമുദായത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഒരു സമുദായത്തെയും ഇടപെടാൻ അനുവദിച്ചിട്ടുമില്ലെന്നും അ​ദ്ദേഹം വ്യക്തമാക്കി.

പത്മ പുരസ്കാരം ലഭിച്ച വെള്ളാപ്പള്ളിക്ക് അഭിനന്ദനങ്ങൾ എന്നും വി.ഡി. സതീശൻ പറഞ്ഞു. എസ്എൻഡിപി യോഗത്തിനാണ് പുരസ്കാരം ലഭിച്ചതെന്ന് വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനടക്കം പത്മാ പുരസ്കാരങ്ങൾ നേടിയ എല്ലാ മലയാളികൾക്കും അഭിനന്ദനങ്ങൾ എന്നും പ്രതിപക്ഷ നേതാവ് പറ‍ഞ്ഞു.

"എസ്എൻഡിപിയുമായി ഐക്യത്തിനില്ലാത്തത് എൻഎസ്എസിൻ്റെ ആഭ്യന്തര കാര്യം"; എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പോവുകയാണ് ലക്ഷ്യമെന്ന് കോൺ​ഗ്രസ് നേതാക്കൾ
ഐക്യത്തിന് വിലങ്ങുതടിയായത് തുഷാർ വെള്ളാപ്പള്ളി; തുഷാർ പെരുന്നയിലേക്ക് വരേണ്ടെന്ന് ജി. സുകുമാരൻ നായർ

എല്ലാവരുമായി സംയമനത്തോടെ യോജിച്ച് പോകാനുള്ള തീരുമാനത്തിലാണ് കോൺഗ്രസെന്നായിരുന്നു വിഷയത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പ്രതികരണം. എസ്എൻഡിപിയും എൻഎസ്എസും തമ്മിൽ ഒരു പരിഹാരമാർ​ഗം ഉണ്ടാകും എന്ന് തന്നെയാണ് ഞങ്ങൾ കരുതിയിരുന്നത്. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുമ്പോട്ട് പോവുകയാണ് ഞങ്ങളുടെ ലക്ഷ്യം. എൻഎസ്എസിന്റെ പിന്മാറ്റം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അത്തരം കാര്യങ്ങളിൽ ഒരു വിലയിരുത്തൽ പിന്നീട് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

രണ്ടു കൂട്ടരേയും ഒരുമിച്ചു കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് ഞങ്ങൾ നേതൃത്വം കൊടുക്കും. ഞങ്ങളാരും എൻഎസ്എസ് ആസ്ഥാനത്ത് പോയി കാണുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ല. ശബരിമല സ്വർണ്ണക്കൊള്ള ജനങ്ങളിലേക്ക് കൊണ്ടെത്തിക്കുകയാണ് യുഡിഎഫ് ചെയ്തതെന്നും അടൂർ പ്രകാശ് വിശദീകരിച്ചു.

എസ്എൻഡിപി-എൻഎസ്എസ് കാര്യത്തിൽ ഇടപെടാറില്ലെന്ന് കെ. മുരളീധരനും പറഞ്ഞു. ഐക്യമൊക്കെ നല്ലതാണെന്നും എന്നാൽ ഐക്യം മറ്റുള്ളവർക്ക് എതിരാവരുതെന്നും മുരളീധരൻ പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയെ അയച്ചപ്പോഴാണ് പ്രശ്നം. ബിജെപിക്കാരെ പൊതുവേ അവിടെ അടുപ്പിക്കാറില്ല. ആ ലൈനിലേക്ക് പോയപ്പോൾ അവർ തടയിട്ടു. ബിജെപി ഹൈജാക്ക് ചെയ്യുമെന്ന് വാർത്ത വന്നതാകും മാറി ചിന്തിപ്പിച്ചത്. എൻഎസ്എസ് ഇതുവരെ ബിജെപി അനുഭാവം കാണിച്ചിട്ടില്ലെന്നും കെ. മുരളീധരൻ പറ‍ഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com