

എറണാകുളം: ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി റോജി എം. ജോണും. മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ലെന്നും പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളത്തിന്റെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ഒരേയൊരു മമ്മൂട്ടി നാലാമതും ദേശീയ പുരസ്‌കാര നിറവില്‍ നില്‍ക്കുന്നു. സിനിമയിലക്ക് മാത്രമായിരുന്നു എന്നും മമ്മൂട്ടിയുടെ നോട്ടം. സമര്‍പ്പിതമായ മനസോടെ മമ്മൂട്ടി പൊരുതി നേടിയതാണ് ഈ നേട്ടങ്ങളൊക്കെയും. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാനുള്ള മനസും പുതിയ വേഷങ്ങള്‍ ആഗ്രഹിച്ച് കണ്ടെത്താനുള്ള ചെറുപ്പവുമാണ് മമ്മൂട്ടിയെ ഇന്ത്യന്‍ സിനിമയിലെ പ്രതിഭാസമാക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
കൊടുമണ്‍ പോറ്റിയുടെ ക്രൂരമായ ചിരിയും ഭാവപ്പകര്‍ച്ചകളും നടന്‍ എന്ന നിലയില്‍ മമ്മൂട്ടി ഇനിയും അഭിനയിച്ച് തീര്‍ന്നിട്ടില്ലാത്ത ഒരു പ്രതിഭാസമാണ് അടിവരയിടുന്നെന്ന് മന്ത്രി റോജി എം. ജോണ്‍. വേഷപ്പകര്‍ച്ചകളുടെ കൊടുമുടി കയറിയ അഭിനയവിസ്മയത്തിന് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിക്ക് വീണ്ടും ദേശീയ അവാര്‍ഡിന്റെ ആദരം. കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴും, ഒരുവശത്ത് കൊമേഴ്‌സ്യല്‍ സിനിമകളുടെ തരംഗം സൃഷ്ടിക്കുകയും മറുവശത്ത് പരീക്ഷണ ചിത്രങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നടന്‍ എന്നനിലയില്‍ സ്വയം രാകിരാകി മിനുക്കുകയും ചെയ്യുന്ന മമ്മൂക്കക്ക് ലഭിക്കുന്നത് അര്‍ഹതക്കുള്ള അംഗീകാരമാണെന്നും എഫ്ബി കുറിപ്പില്‍ മന്ത്രി പറഞ്ഞു.
തന്റെ സവിശേഷമായ ശബ്ദവും ഗാനശൈലിയുംകൊണ്ട് വിസ്മയിപ്പിക്കുന്ന മഹാപ്രതിഭ വൈക്കം വിജയലക്ഷ്മി, മികച്ച ഛായാഗ്രാഹകന്‍ ഷഹനാദ് ജലാല്‍, മികച്ച മലയാള സിനിമയായി നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ. മലയാള സിനിമ അംഗീകാരത്തിന്റെ നിറവിലാണ്. ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മലയാള സിനിമയുടെ അഭിമാനമുയര്‍ത്തിയ പ്രിയപ്പെട്ട പ്രതിഭകള്‍ക്ക് അഭിനന്ദങ്ങളെന്നും ആശംസാകുറിപ്പില്‍ മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു.