തിരുവനന്തപുരം: വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിൽ അദാനി പോർട്സിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരിനെ അറിയിക്കാതെയാണ് 49 ശതമാനം ഓഹരി എം.എസ്.സിക്ക് കൈമാറിയത്. കരാറിലെ വ്യവസ്ഥകൾ കർശനമായി പരിശോധിച്ച് സർക്കാർ തുടർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അദാനി-എംഎസ്‌സി ഓഹരികൈമാറ്റത്തില്‍ ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഓഹരികൈമാറ്റം സര്‍ക്കാര്‍ അറിഞ്ഞിരുന്നുവെന്നും അദാനിയുടെ നിയമവിരുദ്ധ നീക്കത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മുൻകൂർ അനുമതി വാങ്ങാതെ ഓഹരി വിൽക്കാൻ അദാനിക്ക് എങ്ങനെ ധൈര്യം ലഭിച്ചെന്ന് പിണറായി വിജയൻ ചോദിച്ചു. അദാനിയുമായി അത്ര അടുപ്പമുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ ഒന്നും അറിഞ്ഞില്ല എന്ന് പറയുന്നത് അവിശ്വസനീയമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.
ഓഹരി കൈമാറ്റം സംബന്ധിച്ച് കോൺഗ്രസിനകത്തും സംശയങ്ങളുണ്ട്. ഓഹരി കൈമാറ്റത്തിൽ രാഷ്ട്രീയ മുന വച്ച കടന്നാക്രമണവുമായി കെ.സി. വേണുഗോപാൽ രംഗത്തെത്തി. കേരളത്തിൽ സൂപ്പർ സർക്കാർ ആകാൻ അദാനിക്ക് സാധിക്കില്ല. സർക്കാർ അനുമതി ഇല്ലാതെ എങ്ങനെ ഓഹരി വിറ്റെന്ന് അദാനി പറയണം എന്നും കെ.സി. ആവശ്യപ്പെട്ടു. എന്നാൽ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം കഴിഞ്ഞാൽ 74 ശതമാനം ഓഹരി വിൽക്കാം എന്നാണ് അദാനി ഗ്രൂപ്പിന്റെ അവകാശവാദം.