തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഇളവിൽ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നാക്കം പോകുമെന്ന സൂചന മുഖ്യമന്ത്രി ഇന്ന് സഭയിൽ നൽകി. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ല. യുഡിഎഫിൽ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് വേണ്ട എന്ന് തീരുമാനിച്ചാൽ മദ്യം വിൽക്കില്ല. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ തീരുമാനിച്ചാൽ നികുതി ബജറ്റിൽ പ്രഖ്യാപിച്ചതായിരിക്കുമെന്നും ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ വി.ഡി. സതീശൻ പറഞ്ഞു.
ബക്കാർഡി കമ്പനിക്കായി വിദേശമദ്യ നയത്തിൽ തിരുത്തൽ വരുത്തിയത് എൽഡിഫ് സർക്കാർ ആണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യവിൽപ്പനയ്ക്കായി ആദ്യം ചർച്ച നടത്തിയത് എം.വി. ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്ന കാലത്താണെന്നും വി.ഡി. സതീശൻ പറഞ്ഞു. അതേസമയം, ബജറ്റ് പാസാക്കിയാൽ കുറഞ്ഞ നികുതി നിലവിൽ വരില്ലേ എന്ന ക്രമപ്രശ്നം കെ.എൻ. ബാലഗോപാൽ ഉന്നയിച്ചു.
അതേസമയം, പിഎം ശ്രീ വിഷയത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും കൊമ്പുകോർത്തു. എൽഡിഎഫ് സർക്കാർ മരവിപ്പിച്ച പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ വീണ്ടും ആലോചിക്കുന്നതെന്തിനെന്ന് പിണറായി വിജയൻ ചോദിച്ചു. മരവിപ്പിക്കാൻ വേണ്ടിയാണോ പദ്ധതിയിൽ ഒപ്പിട്ടതെന്നെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ഒപ്പുവച്ചതിൻ്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. എന്നാൽ എസ്എസ്കെ ഫണ്ടിന് വേണ്ടിയാണ് ഒപ്പുവച്ചതെന്ന് പിണറായി വിജയൻ വിശദീകരിച്ചു.
ധാതുമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കാൻ നീക്കം നടക്കുന്നുവെന്ന് ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ധാതുമണൽ ഖനനം സ്വകാര്യവൽക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.