ചരിത്രവിജയത്തിന്റെ ആഘോഷത്തില്‍ സതീശനെ മറന്ന്, വേണുഗോപാലിന് പുകഴ്ത്തല്‍; മലപ്പുറത്ത് എംഎൽഎമാർക്ക് നൽകിയ സ്വീകരണത്തിൽ വിഭാഗീയത

വി.ഡി. പക്ഷക്കാരനായി അറിയപ്പെടുന്ന കെ.പി. നൗഷാദ് അലിയാകട്ടെ വേണുഗോപാലിനെ പരാമര്‍ശിക്കാതെയാണ് പ്രസംഗിച്ചത്
ചരിത്രവിജയത്തിന്റെ ആഘോഷത്തില്‍ സതീശനെ മറന്ന്, വേണുഗോപാലിന് പുകഴ്ത്തല്‍; മലപ്പുറത്ത് എംഎൽഎമാർക്ക് നൽകിയ സ്വീകരണത്തിൽ വിഭാഗീയത
Published on
Updated on

മലപ്പുറം ജില്ലയിലെ മുഴുവൻ കോൺഗ്രസ് സീറ്റുകളിലും നേടിയ ചരിത്രവിജയത്തിന്റെ ഭാഗമായി എംഎൽഎമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ വെളിപ്പെട്ടത് പാര്‍ട്ടിയിലെ വിഭാഗീയത. കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സംസാരിച്ച മൂന്ന് എംഎല്‍എമാര്‍ പ്രസംഗത്തില്‍ സതീശനെ മറന്നു. എന്നാല്‍ വേണുഗോപാലിനെ പുകഴ്ത്താന്‍ മറന്നതുമില്ല. അതേസമയം, പൊന്നാനി എംഎൽഎ നൗഷാദ് അലി വേണുഗോപാലിനെ പരാമര്‍ശിക്കാതെ, സതീശന്‍ സര്‍ക്കാരിന് കരുത്ത് പകരണമെന്ന് പറയുകയും ചെയ്തു. പരിപാടിയുടെ പ്രചാരണ ബോര്‍ഡുകളിലും സതീശന്റെ ചിത്രം ഉള്‍പ്പെട്ടിരുന്നില്ല.

തവനൂര്‍ എംഎല്‍എ വി.എസ്. ജോയി, നിലമ്പൂര്‍ എംഎല്‍എ ആര്യാടൻ ഷൗക്കത്ത്, വണ്ടൂര്‍ എംഎല്‍എയും മന്ത്രിയുമായ എ.പി. അനിൽ കുമാർ എന്നിവരാണ് മുഖ്യമന്ത്രി വി.ഡി. സതീശനെ പൂർണമായും വിസ്മരിച്ചത്. മൂവരും കെ.സി. വേണുഗോപാലിനെ പുകഴ്ത്താന്‍ സമയം കണ്ടെത്തുകയും ചെയ്തു. തന്നെ കെയര്‍ ചെയ്ത നേതാവാണ് വേണുഗോപാല്‍ എന്നായിരുന്നു ജോയിയുടെ വാക്കുകള്‍. തന്നെ വിജയിപ്പിക്കുന്നത് വരെ കെ.സി. പ്രത്യേകം സ്ട്രെയിൻ എടുത്തുവെന്നും ജോയി പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം തന്നത് വേണുഗോപാല്‍ ആണെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ വാക്കുകള്‍. അനില്‍കുമാറും സതീശനെ പരാമര്‍ശിക്കാതെയാണ് പ്രസംഗം പൂര്‍ത്തിയാക്കിയത്.

ചരിത്രവിജയത്തിന്റെ ആഘോഷത്തില്‍ സതീശനെ മറന്ന്, വേണുഗോപാലിന് പുകഴ്ത്തല്‍; മലപ്പുറത്ത് എംഎൽഎമാർക്ക് നൽകിയ സ്വീകരണത്തിൽ വിഭാഗീയത
'ലുങ്കിവാലയായി' ദേശീയപതാക ഉയര്‍ത്തി വി.ടി. ബല്‍റാം; വസ്‌ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം ഓര്‍മിപ്പിച്ച് കുറിപ്പ്

അതേസമയം, വി.ഡി. പക്ഷക്കാരനായി അറിയപ്പെടുന്ന കെ.പി. നൗഷാദ് അലി വേണുഗോപാലിനെ പരാമര്‍ശിക്കാതെയാണ് പ്രസംഗിച്ചത്. സതീശന്‍ സര്‍ക്കാരിന് കരുത്ത് പകരണം എന്നായിരുന്നു നൗഷാദ് അലിയുടെ വാക്കുകള്‍. ഭരണത്തിലേറി മാസങ്ങള്‍ പിന്നിടുമ്പോഴും, കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് അടങ്ങിയിട്ടില്ലെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു മലപ്പുറത്തെ ചരിത്രവിജയത്തിന്റെ ആഘോഷവേദി. ജനപ്രതിനിധികളുടെ വാക്കുകളില്‍ നിറഞ്ഞുനിന്ന വിഭാഗീയത പ്രവര്‍ത്തകരുടെ വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com