പ്ലീഡറെച്ചൊല്ലി മുഖ്യമന്ത്രിയും കെഎസ്‌യുവും നേർക്കുനേർ

കസേരയിലേക്ക് വഴിയൊരുക്കിയത് ആരെന്ന് മറക്കരുതെന്ന് കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്‍റ് ഗോകുൽ ഗുരുവായൂർ
വി.ഡി. സതീശൻ
വി.ഡി. സതീശൻSource: ഫയൽ ചിത്രം
Published on
Updated on

സർക്കാർ പ്ലീഡർ നിയമനത്തിൽ നേർക്കുനേർ പോരടിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്. യുവും. പ്ലീഡർ നിയമനം നടത്തുന്നത് കെഎസ്‌യു കമ്മിറ്റികളല്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് നേതാക്കളെ ചൊടിപ്പിച്ചത്. വി. ഡി. സതീശനെ വിമർശിച്ച് രംഗത്തെത്തിയ കെഎസ്‌യു നേതാക്കൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിക്കും.

പ്ലീഡറായി നിയമനം ലഭിച്ച അഭിഭാഷക ജയോണ ജെയിംസ് തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐ നേതാവായിരുന്നു എന്നായിരുന്നു കെഎസ്യുവിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്‌യു അക്കാലത്തെ ഭാരവാഹികളുടെ ഒപ്പ് സഹിതം മുഖ്യമന്ത്രിക്ക് കത്തും നൽകിയതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം കലർന്ന മറുപടി. മാത്രമല്ല, നിയമനത്തെ പൂർണമായും വി.ഡി. സതീശൻ ന്യായീകരിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ പരാമർശത്തിൽ കടുത്ത അതൃപ്തിയിലാണ് കെഎസ്‌യു നേതൃത്വം. വിമർശനവുമായി നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. പ്രതികരണത്തിൽ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും വിഷയം വൈകാരികമെന്നും പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ കടുപ്പിച്ച് കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്‍റ് ഗോകുൽ ഗുരുവായൂരും രംഗത്ത് വന്നു. കസേരയിലേക്ക് വഴിയൊരുക്കിയത് ആരെന്ന് മറക്കരുതെന്ന് ഗോകുൽ ഫേസ്ബുക്കിൽ കുറിച്ചു.പ്രവർത്തകരുടം ത്യാഗം മറന്ന് താൻപോരിമ കാണിക്കരുത്. പാലം കടക്കുവോളം നാരായണ ശേഷം കൂരായണ എന്ന നിലപാട് ശരിയല്ലെന്നും ഗോകുൽ വിമർശിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള ശ്രമത്തിലാണ് കെഎസ്‌യു നേതാക്കൾ. അനുമതി ലഭിച്ചാൽ അതൃപ്തിക്കൊപ്പം നിയമനത്തിലെ അപാകതയും ചൂണ്ടിക്കാട്ടാനാണ് തീരുമാനം.

News Malayalam 24x7
newsmalayalam.com