

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് പിആർ പ്രൊപ്പഗാണ്ട ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിനെ എതിർത്ത വിദഗ്ധരെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുകയാണ്. സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചാൽ മോദി രാജ്യവിരുദ്ധനാക്കുമെങ്കിൽ ഇവിടെ സംസ്ഥാന വിരുദ്ധനാക്കും. അധികാരം ഉണ്ടായിരുന്നെങ്കിൽ ആർ.വി.ജി. മേനോനെ പോലുള്ളവരെ പിണറായി നാടുകടത്തുമായിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കൽപ്പറ്റ നാരായണനെ പോലും അധിക്ഷേപിക്കുകയാണ് ചെയ്തത്. ആരും അഭിപ്രായം പറയുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നാണ് നിലപാട് സർക്കാരിൻ്റേത്. തെരഞ്ഞെടുപ്പിന്റെ തലേദിവസം നടത്തുന്ന നാടകങ്ങൾ ആരെ കബളിപ്പിക്കാൻ ആണെന്നും വി.ഡി. സതീശൻ ചോദിച്ചു.
64000 പേരെ സഹായിച്ചതിനെ പ്രതിപക്ഷം ഒരിടത്തും വിമർശിച്ചിട്ടില്ല. എന്നാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പ്രഖ്യാപനത്തെ മാത്രമാണ് എതിർത്തത്. അധികാരത്തിൽ ആര് ഇരുന്നാലും എതിർക്കും. മന്ത്രി എം.ബി. രാജേഷ് എത്ര മോശമായിട്ടാണ് സംസാരിച്ചത്. അസഹിഷ്ണുതയാണ് ഇവരുടെ മുഖമുദ്ര. പ്രതിപക്ഷനേതാവ് എല്ലാം അറിയുന്നുണ്ട്. ഒന്നും അറിയാതെ പോകുന്നത് എം.വി. ഗോവിന്ദൻ ആണ്, വി.ഡി. സതീശൻ.