
തിരുവനന്തപുരം: ഡോക്ടർ ഹാരിസിനെ വെട്ടിലാക്കുന്ന സർക്കാർ ആരോപണത്തിൽ ആരോഗ്യ വകുപ്പിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സത്യം പറഞ്ഞ ഡോക്ടറെ വേട്ടയാടുന്ന നിലപാടാണ് സർക്കാരിൻ്റേതെന്ന് വി.ഡി. സതീശൻ പറഞ്ഞു. സർക്കാർ ഡോക്ടറേ പീഡിപ്പിക്കുകയാണ്. അദ്ദേഹത്തെ കുറ്റക്കാരൻ ആക്കാനാണ് ശ്രമം. സർക്കാരിന്റെ നിലപാടില്ലായ്മയാണ് ഇതിലൂടെ വ്യക്തമാവുന്നത്. വൃത്തികേടിന് ആരോഗ്യമന്ത്രി കൂട്ടുനിൽക്കരുതെന്നും വി.ഡി. സതീശൻ പറഞ്ഞു. ഡോക്ടർക്ക് എതിരെ നടപടിയെടുത്താൽ പ്രതിപക്ഷം ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. ഹാരിസ് വകുപ്പ് മേധാവിയായ തിരുവനന്തപുരം മെഡി. കോളേജ് യൂറോളജി ഡിപ്പാർട്ട്മെന്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ കാണാതായതായെന്നാണ് സർക്കാിൻ്റെ പുതിയ ആരോപണം. ഉപസമിതിയാണ് ഉപകരണങ്ങൾ കാണാതായ കാര്യം കണ്ടെത്തിയത്. ഇക്കാര്യത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
റിപ്പോർട്ടന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. വകുപ്പുതല അന്വേഷണത്തിൽ കാര്യങ്ങൾ കണ്ടെത്താനായില്ലെങ്കിൽ പൊലീസ് അന്വേഷണം നടത്തുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്.