കൊച്ചി: എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇരു സമുദായ സംഘടനകള്‍ക്കുമെതിരെ താന്‍ സംസാരിച്ചിട്ടില്ല. വര്‍ഗീയത പറയരുതെന്ന് പറയുക മാത്രമേ ചെയ്തിട്ടുള്ളു എന്നും വി.ഡി. സതീശന്‍ പറഞ്ഞു.
സമുദായങ്ങള്‍ തമ്മില്‍ ശത്രുത പാടില്ല. സമൂഹത്തില്‍ ഭിന്നത ഉണ്ടാകരുത് എന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വര്‍ഗീയ പറയരുതെന്നതാണ് തന്റെ നിലപാട്. അതുകൊണ്ടാണ് തനിക്കെതിരെ സംസാരിക്കുന്നത് എന്നും സതീശന്‍ പറഞ്ഞു. വ്യക്തിപരമായി എല്ലാവര്‍ക്കും നമ്മളെ ഇഷ്ടമാകണം എന്നില്ല. വ്യക്തിപരമായ അഭിപ്രായ വ്യത്യസങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.
പെരുന്നയില്‍ താന്‍ പലതവണ പോയിട്ടുണ്ട്. എല്ലാ സമുദായ നേതാക്കളെയും കാണുന്നയാളാണ് താന്‍. ഒരു സമുദായ നേതാവിനെയും കാണില്ല എന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. കേരളത്തിലെ സമുദായ നേതാക്കള്‍ എല്ലാം വര്‍ഗീയ നേതാക്കളാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സമുദായ നേതാക്കളെ കാണുന്നതും വര്‍ഗീയതയ്‌ക്കെതിരെ പറയുന്നതും തമ്മില്‍ ബന്ധമില്ല. താന്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല. എന്നാല്‍ സിനഡില്‍ പോയാല്‍ എന്താണ് പ്രശ്‌നം? ആരെയും അവഗണിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും അഭിപ്രായം ഒന്ന് തന്നെയാണെന്നും സതീശന്‍ പറഞ്ഞു.
ഒരു പ്രതിപക്ഷ നേതാവും കേള്‍ക്കാത്ത ആക്ഷേപങ്ങള്‍ ഇതിനകം കേട്ടിട്ടുണ്ട്. പറയാന്‍ ഉള്ളത് പറയുമ്പോള്‍ പല വികാരങ്ങള്‍ ഉണ്ടാകും. വര്‍ഗീയത ആര് പറഞ്ഞാലും വെള്ളം ചേര്‍ക്കാത്ത നിലപാട് എടുക്കും. തന്റെ ഭാഗത്ത് തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ പൊതു അഭിപ്രായം വര്‍ഗീയതയ്ക്ക് എതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടി. തനിക്കുള്ള മറ്റ് നേതാക്കളുടെ പിന്തുണ അവരോട് ചോദിക്കുന്നത്. ലീഗിനെ വലിച്ചിഴയ്ക്കുന്നത് പരോക്ഷമായി വര്‍ഗീയത കൊണ്ട് വരാനുള്ള ശ്രമം. ഇതിനൊക്കെ പിന്നില്‍ എന്തെല്ലാം എന്ന് കാത്തിരുന്ന് കാണാമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.