

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൽ ഫിഷറീസ് വകുപ്പ് ഷിബു ബേബി ജോണിന് നൽകണമെന്ന ലത്തീൻ സഭയുടെ സമ്മർദത്തിന് വഴങ്ങാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. മുസ്ലീം ലീഗ് നേതാവ് വി.ഇ. അബ്ദുൽ ഗഫൂർ ഫിഷറീസ് വകുപ്പ് മന്ത്രിയാകും. ഉന്നത വിദ്യാഭ്യാസം വകുപ്പ് നൽകുമ്പോൾ ഫിഷറീസ് വേണമെന്നും ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫിഷറീസ് വിട്ട് നൽകരുതെന്ന് ലത്തീൻ സഭ ആവശ്യപ്പെട്ടിരുന്നു. ഷിബു ബേബി ജോണിന് നൽകണം എന്നായിരുന്നു സഭയുടെ നിലപാട്.
അതേസമയം, മന്ത്രിമാരുടെ വകുപ്പിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കുമെന്ന് സൂചന. റവന്യൂ വകുപ്പ് എ.പി. അനിൽകുമാറിന് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പേരാവൂർ എംഎൽഎ സണ്ണി ജോസഫിന് റവന്യൂ വകുപ്പ് നൽകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. പകരം സണ്ണി ജോസഫിന് വൈദ്യുതി നൽകാൻ തീരുമാനം. സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാളാണ് വകുപ്പ് വിഭജനം പൂർത്തിയാക്കി മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറിയത്.
അതേസമയം, വകുപ്പ് വിഭജനത്തിൽ തർക്കമില്ലെന്നും അതെല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയ വാർത്തയാണെന്നുമായിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ മറുപടി. വകുപ്പ് വിഭജന ചർച്ച നേരത്തെ പൂർത്തിയാക്കി. ഗവർണർ ഇന്നലെ ലോക്ഭവനിൽ ഇല്ലായിരുന്നതിനാലാണ് വിജ്ഞാപനം വൈകുന്നതെന്നും. ഇന്ന് രാവിലെ പട്ടിക കൈമാറിയെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.