നിപ ബാധിച്ച യുവതിയുടെ നില ഗുരുതരം, സമ്പർക്ക പട്ടികയിൽ 173 പേർ; ആരോ​ഗ്യമന്ത്രി

രോഗിക്ക് പ്രോട്ടോക്കോൾ പ്രകാരമുള്ള മോണോക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ട്
വീണാ ജോർജ്
വീണാ ജോർജ്ഫയൽ ചിത്രം
Published on

പാലക്കാട് ജില്ലയിൽ നിപ ബാധിച്ച യുവതിയുടെ നില ഗുരുതരമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. രോഗിക്ക് പ്രോട്ടോക്കോൾ പ്രകാരമുള്ള മോണോക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ട്. ആദ്യ ഡോസ് കഴിഞ്ഞദിവസം നൽകിയിരുന്നു. രണ്ടാമത്തെ ഡോസാണ് ​ഇന്ന് നൽകുന്നത്. രോഗിയുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 173 പേരാണ് ഉള്ളത്. ഇതിൽ 100 പേർ പ്രൈമറി കോൺടാക്ടിലുള്ളവരാണ്‌. അതിൽ 52 പേര് ഹൈ റിസ്ക് കോൺടാക്ടിലും, 48 പേർ ലോ റിസ്ക് കോൺടാക്ടിലുള്ളവരാണെന്നും നിപ അവലോകന യോ​ഗത്തിനു ശേഷം ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

കേസിൽ ആദ്യം പരിശോധിച്ച അഞ്ച് സാമ്പിളുകളുടെ ഫലം നെ​ഗറ്റീവാണ്. ഇനി നാല് സാമ്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഈ സാമ്പിളുകൾ പരിശോധിക്കുന്നത്. ഇതിൻ്റെ ഫലം ഇന്ന് ഉച്ചയോടെ അറിയുമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. പാലക്കാട് മെഡിക്കൽ കോളേജിലും മഞ്ചേരി മെഡിക്കൽ കോളേജിലുമായ് 12 പേരാണ് ഐസൊലേഷനിലുള്ളത്. നിപ ബാധിച്ച യുവതിയുടെ മകനും യുവതിയോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിലാണെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു.

വ്യാപനം ഉണ്ടായോ എന്നറിയാൻ ഈ ദിവസങ്ങളിലെ പരിശോധന ഫലങ്ങൾ നിർണായകമാണ്. മണ്ണാർക്കാട് ക്ലിനിക്കിലേക്ക് മറ്റൊരു സംസ്ഥാനത്തിൽ നിന്ന് വന്നയാളെ ഇനിയും കണ്ടെത്താനുണ്ട്. ഇയാളെ പോലീസ് ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. ആശങ്കളുടെ ആവിശ്യമില്ലെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. പാലക്കാടും മലപ്പുറത്തും ഉണ്ടായ നിപ കേസുകൾ തമ്മിൽ ബന്ധമില്ല. വ്യാജ പ്രചരണം നടത്തരുത്. ചില വ്യാജ പ്രചരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിനെതിരെ കേസ് എടുക്കുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com