കൊച്ചി: മാധ്യമപ്രവർത്തകന് എതിരായ തീവ്രവാദി പരാമർശത്തിൽ ന്യായീകരണം തുടർന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തീവ്രമായി സംസാരിക്കുന്നവൻ തീവ്രവാദി എന്ന വിചിത്രവിശദീകരണമാണ് വെള്ളാപ്പള്ളി നടേശൻ നൽകുന്നത്. താൻ പറയുന്നത് ജാതിയല്ല, നീതിയാണെന്നും, വി.ഡി. സതീശൻ്റെ പണിയൊന്നും എസ്എൻഡിപിക്ക് ഏൽക്കില്ലെന്നും വെള്ളാപ്പള്ളി ന്യൂസ് മലയാളം ലീഡേഴ്സ് മോണിങ്ങിൽ പറഞ്ഞു.
പറയാത്തത് പറഞ്ഞെന്ന് വരുത്തി പട്ടിയെ പേപ്പട്ടിയാക്കുന്ന നടപടിയാണ് മാധ്യമങ്ങളുടേതെന്നാണ് വെള്ളാപ്പള്ളി നടേശൻ്റെ വാദം. 89 വയസ്സുള്ള തന്നോട് ഒരു മര്യാദയും കാണിക്കുന്നില്ല. ചില മീഡിയകൾ തന്നെ പോസ്റ്റ്‌മോർട്ടം ചെയ്യുകയാണ്. പറഞ്ഞതിൽ നിന്ന് പിന്നോട്ടില്ല. ഒന്നും കൈവിട്ട് പോയിട്ടുമില്ല. വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യരുത്. പല അപവാദങ്ങളും ഉണ്ടായപ്പോഴും സമുദായം കൈവിട്ടിട്ടില്ല. തീയിൽ കുരുത്ത താൻ വെയിലത്ത് വാടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
"മുസ്ലീം വിരോധിയെന്ന പ്രതിച്ഛായ രൂപപ്പെടുന്നതിൽ ദുഃഖമില്ല, പക്ഷെ ഞാൻ മുസ്ലീം വിരോധിയല്ല. മുസ്ലീം സമുദായത്തിനൊപ്പം നിന്ന് പ്രവർത്തിച്ച സമുദായ നേതാവാണ് ഞാൻ. മുസ്ലീം വിരോധിയോ, ക്രിസ്ത്യൻ വിരോധിയോ ഒന്നുമല്ല. സാമൂഹിക നീതി ലഭിക്കാത്തതിനെ കുറിച്ചാണ് പറഞ്ഞത്, വർഗീയതയല്ല. കാന്തപുരവും തങ്ങൾ കുടുംബവും ഒന്നും ഇതേ കുറിച്ച് ഒരുവാക്ക് പോലും ചോദിച്ചില്ല. എൻ്റെ സമുദായത്തിനോടുള്ള അനീതിയെക്കുറിച്ച് ഞാൻ പിന്നെ ആരോട് പറയും?," വെള്ളാപ്പള്ളി ചോദിച്ചു. സോദര ചിന്ത എന്നും ഹൃദയത്തിൽ സൂക്ഷിച്ച് പ്രവർത്തിക്കുന്നവരാണ് എസ്എൻഡിപിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വെച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്താനാകില്ലെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. ഭരണത്തുടർച്ചയ്ക്ക് അവസരമില്ല എന്ന് പറയാനാകില്ല. എസ്എൻഡിപി യോഗം ഒരു രാഷ്ട്രീയ തീരുമാനമെടുക്കില്ല, ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം. സമുദായം ഒരു തീരുമാനമെടുത്താൽ അതുപ്രകാരം എല്ലാവരും വോട്ട് ചെയ്യുമെന്ന് കരുതുന്ന മഠയനല്ല താൻ. വി.ഡി.സതീശന്റെ ഒരുപണിയും എസ്എൻഡിപിക്കുള്ളിൽ നടപ്പാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
എൽഡിഎഫിന് ഭരണതുടർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് പറഞ്ഞ വെള്ളാപ്പള്ളി കോൺഗ്രസിനെ വലിയ രീതിയിൽ വിമർശിക്കുകയും ചെയ്തു. ലീഗിന്റെ പിൻബലമില്ലെങ്കിൽ കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് സീറോ ആണെന്നാണ് വെള്ളാപ്പള്ളിയുടെ പക്ഷം. ഹീറോ ആകണമെങ്കിൽ ലീഗിന്റെ പിന്തുണ വേണം. ലീഗിനെ തൃപ്തിപ്പെടുത്താൻ 'ചാടി കളിക്കെടാ കുഞ്ഞിരാമാ ' പണിയാണ് കോൺഗ്രസ് എടുക്കുന്നത്. യുഡിഎഫുമായി എസ്എൻഡിപിയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എൻഡിപി കടുത്ത അവഗണന നേരിടുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആർ. ശങ്കർ ഇരിക്കുന്ന കാലത്തെ എസ്എൻഡിപിയെ പരിഗണിച്ചിട്ടുള്ളൂ. ബേബി ജോൺ മൂന്ന് കോളേജ് തന്നു, ഉമ്മൻ ചാണ്ടി തന്നത് അര കോളേജ് മാത്രം. 60 കൊല്ലത്തിനിടെ ബാക്കിയുള്ളവർ എന്തെല്ലാം ഒപ്പിട്ടുവാങ്ങിയെന്ന് കണക്കെടുക്കാൻ തയ്യാറാണോ എന്ന് ചോദിച്ച വെള്ളാപ്പള്ളി, എസ്എൻഡിപിക്കാർ എന്നുമിങ്ങനെ തൊഴിലുറപ്പിന് നടക്കണമെന്നാണോ എന്നും കൂട്ടിച്ചേർത്തു.
അതേസമയം എസ്എൻഡിപിക്ക് ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ബിഡിജെഎസിന്റെ രാഷ്ട്രീയ അഭിപ്രായത്തിൽ താൻ ഇടപെടാറില്ല. എസ്എൻഡിപി യോഗത്തിനകത്ത് എല്ലാ പാർട്ടിയുമുണ്ട്. എസ്എൻഡിപി യോഗം ഒരു പാർട്ടിയുടേയും വാലോ, ചൂലോ അല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.