

കൊച്ചി: മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചും മുസ്ലീം ലീഗിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവ സമുദായത്തിന് തന്നതെല്ലാം ലീഗ് അടിച്ചുമാറ്റി. മുസ്ലീം സമുദായത്തെ ഈഴവർക്ക് എതിരാക്കാനാണ് ലീഗ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദി ആണെന്നും, പ്രായം പോലും മാനിക്കാതെയാണ് തന്നോട് പെരുമാറിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി എന്ന് പറഞ്ഞാണ് വെള്ളാപ്പള്ളി സംസാരം ആരംഭിച്ചത്. മാധ്യമങ്ങളിൽ നിന്ന് അങ്ങനെ പ്രതീക്ഷിച്ചില്ല. സത്യാവസ്ഥ എല്ലാവരും മനസിലാക്കണം. വലിയ സമ്മേളനമാണ് ശിവഗിരിയിൽ നടന്നത്. അതിന് ശേഷം പുറത്ത് ഇറങ്ങിയപ്പോൾ 12 കഴിഞ്ഞു. 89 വയസായ എനിക്ക് ചുറ്റും മര്യാദയില്ലാതെ മാധ്യമങ്ങൾ വളഞ്ഞു. പിന്നീട് കാണാമെന്നു പറഞ്ഞു. 90% ആളുകൾ അത് അംഗീകരിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
"എന്നാൽ റിപ്പോർട്ടർ ചാനൽ മാത്രം അത് അംഗീകരിച്ചില്ല. റിപ്പോർട്ടർ റഹീസ് ഈരാറ്റുപേട്ടക്കാരൻ ആണ്. അയാൾ തീവ്രവാദി ആണ്. അയാളെ ആരോ പറഞ്ഞു വിട്ടതാണ്. അവന്റെ അപ്പൂപ്പൻ ആവാനുള്ള പ്രായം ഇല്ലേ എനിക്ക്. അതിന്റെ മര്യാദ കാണിക്കണ്ടെ. ഞാൻ എന്ത് തെറ്റാണ് ഞാൻ ചെയ്തത്. റിപ്പോർർട്ടർ ചാനൽ എന്താണ് ചെയ്യുന്നത് എന്ന് അവർ പരിശോധിക്കണം"; വെള്ളാപ്പള്ളി വ്യക്തമാക്കി.
ചതിയൻ ചന്തു പരാമർശത്തിൽ പിന്നോട്ടില്ലെന്നും, സിപിഐ നിലപാടുകൾ മുന്നണിയിൽ അനൈക്യമെന്ന തോന്നലുണ്ടാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇടതിൻ്റെ പിൻബലം പിന്നാക്കക്കാരുടെ പിന്തുണയാണെന്ന് മനസിലാക്കണമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ വരുമോ എന്ന് ചോദ്യത്തിന് കൂടുതൽ വോട്ട് കിട്ടിയവർ അധികാരത്തിൽ എത്തും എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. വെള്ളാപ്പള്ളി നടേശൻ്റെ വർഗീയ പരാമർശങ്ങളെ പിന്തുണയ്ക്കാതെയുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ്റെ പ്രതികരണത്തിനു ശേഷമായിരുന്നു വാർത്താസമ്മേളനം.