ആലപ്പുഴ: പുതിയ സാമുദായിക സമവാക്യം പ്രഖ്യാപിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ കൂട്ടായ്മ ഉണ്ടാക്കുമെന്നാണ് വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം. നായർ സർവീസ് സൊസൈറ്റിയുമായി ഇനി ഭിന്നതയില്ലെന്നും ചർച്ചയ്ക്ക് പെരുന്നയിൽ പോകാൻ തയ്യാറാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ തല്ലിച്ചത് യുഡിഎഫാണെന്നാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന. എൻഎസ്എസുമായി കൊമ്പ് കോർക്കാൻ ഇല്ല. സംഘടനയുമായി സമരസപ്പെടും. നായാടി മുതൽ നസ്രാണി വരെ ഒരുമിച്ച് നിൽക്കേണ്ട കാലമാണിത്. ക്രിസ്ത്യാനികൾ ഭയത്തോടെയാണ് ജീവിക്കുന്നത്.ക്രൈസ്തവ മത നേതൃത്വത്തിൻ്റ പിന്തുണ നേടാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും വെള്ളാപ്പള്ളി നടേശൻ രൂക്ഷമായി വിമർശിച്ചു. വി.ഡി. സതീശൻ ഈഴവ വിരോധിയാണെന്നാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന. പിന്നോക്കക്കാരനായ താൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിതാണ് വി.ഡി. സതീശൻ്റെ പ്രശ്നമെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. വർഗീയ വാദികൾക്ക് കുടപിടിച്ച്, ആ തണലിൽ നിൽക്കുന്നയാളാണ് വി.ഡി. സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവ് നയമാണ് പ്രതിപക്ഷ നേതാവിൻ്റേതെന്നും വെള്ളാപ്പള്ളി വിമശിച്ചു.