ദേവസ്വം ഭരണത്തിൽ നടക്കുന്നത് കെട്ടകാര്യങ്ങൾ, ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെട്ട ഗൂഢസംഘം വിളയാടുന്നു: വെള്ളാപ്പള്ളി നടേശൻ

ക്ഷേത്രവരുമാനത്തിൽ ഏറിയ പങ്കും ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പളവും നൽകാനാണ് വേണ്ടിവരുന്നതെന്ന് വെള്ളാപ്പള്ളി
Vellapally Natesan
വെള്ളാപ്പള്ളി നടേശൻSource: News Malayalam 24x7
Published on

കൊച്ചി: സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡുകൾക്കെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം മുഖ മാസിക യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. ദേവസ്വം ക്ഷേത്രങ്ങളിൽ ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെട്ട ഗൂഢസംഘം വിളയാടുന്നു. ദേവസ്വം ഭരണത്തിൽ നടക്കുന്നത് കെട്ടകാര്യങ്ങളെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സമ്പന്നരായ ഭക്തരിൽ നിന്ന് സൂത്രപ്പണികളിലൂടെ പണം തട്ടുന്ന ദേവസ്വം ജീവനക്കാരും ഇടനിലക്കാരുമുൾപ്പെടുന്ന ഗൂഢസംഘങ്ങൾ പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളിൽ വിളയാടുകയാണെന്നതാണ് വസ്തുത. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം എന്നിങ്ങനെ കേരളത്തിൽ സ്വയംഭരണാവകാശമുള്ള അഞ്ച് ദേവസ്വം ബോർഡുകളാണുള്ളത്. സ്വയംഭരണം പേരിന് മാത്രമുള്ളതാണ്. ഭരണത്തിലുള്ള സർക്കാർ നിശ്ചയിക്കുന്നവരാണ് ബോർഡുകളുടെയും ഭരണകർത്താക്കൾ. അവരുടെ രാഷ്ട്രീയം അതിന്റെ കൂടപ്പിറപ്പാണ്.

സർക്കാരിന്റെ റവന്യൂ ദേവസ്വം വകുപ്പിനും ദേവസ്വം വകുപ്പ് മന്ത്രിക്കും ഹൈക്കോടതിയുടെ ദേവസ്വം ഡിവിഷൻ ബെഞ്ചിനും ദേവസ്വം ഭരണത്തിൽ ഇടപെടേണ്ടി വരാറുമുണ്ട്. അടിച്ചുതളിക്കാര്യം മുതൽ തന്ത്രിയുടെയും മേൽശാന്തിയുടെയും നിയമനം വരെയുള്ള ആയിരക്കണക്കിന് കേസുകളാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. ഹൈക്കോടതി അനുമതി വാങ്ങാതെ പ്രധാനപ്പെട്ട ഒരു കാര്യവും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടക്കില്ല. ഇതിന്റെ പേരിൽ അപ്രധാനവും അനാവശ്യവുമായ പദ്ധതികളും പരിപാടികളും ഭംഗിയായി മറച്ചുവച്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുമതി വാങ്ങി അത് മുന്നിൽ വച്ച് നടത്തുന്ന കോടികളുടെ തട്ടിപ്പുകളും വേറെയുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

"മതേതര രാഷ്ട്രത്തിൽ ക്ഷേത്രഭരണത്തിൽ മാത്രം സർക്കാർ ഇടപെടലുകൾ ഉണ്ടാകേണ്ട കാര്യമില്ല. രാജഭരണത്തിന്റെ പശ്ചാലത്തമുള്ളതിനാൽ ചരിത്രപരമായ കാരണങ്ങൾ കൊണ്ടാണ് അതുവേണ്ടിവന്നതെങ്കിലും ആ രീതി മാറ്റേണ്ട കാലമായി. ദേവസ്വം ഭരണത്തിൽ നല്ല കാര്യങ്ങളേക്കാൾ നടക്കുന്നത് കെട്ടകാര്യങ്ങളാണ്. അതിന്റെ പഴി സർക്കാരുകൾ ഏറ്റെടുക്കേണ്ടിയും വരുന്നു. ക്ഷേത്രവരുമാനത്തിൽ ഏറിയ പങ്കും ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പളവും നൽകാനാണ് വേണ്ടിവരുന്നത്. നാട്ടുകാരിൽ നിന്ന് പിരിച്ചെടുക്കുന്ന പണം കൊണ്ടാണ് ഉത്സവം ഉൾപ്പെടെ ക്ഷേത്രകാര്യങ്ങൾ മുന്നോട്ടുപോകുന്നത്", വെള്ളാപ്പള്ളി.

ക്ഷേത്രങ്ങളുടെ ഭീമമായ ഭൂസ്വത്തും അമൂല്യവസ്തുക്കൾ ഉൾപ്പടെയുള്ള സമ്പത്തും കൈമാറിക്കിട്ടിയിരുന്നെങ്കിലും ഇപ്പോൾ അതിൽ ഏറെയും അന്യാധീനപ്പെട്ടു. അമൂല്യവസ്തുക്കളുടെ കൃത്യമായ കണക്കില്ല. ഓഡിറ്റിംഗില്ല. കോടികൾ വിലമതിക്കുന്ന സ്വർണവും അമൂല്യരത്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഒരു സുതാര്യതയുമില്ല. ഭക്തർ അർപ്പിക്കുന്ന സ്വർണവും ദേവസ്വത്തിന് കിട്ടിയാലായി. അമൂല്യവസ്തുക്കളും ഭൂസ്വത്തുക്കളും കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും വെള്ളാപ്പള്ളി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com