ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം; രണ്ടര മാസത്തെ ചികിത്സയ്ക്കു ശേഷം അഫാന്‍ ആശുപത്രി വിട്ടു

പൂജപ്പുര ജയിലിലെ ശുചിമുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു
അഫാന്‍
അഫാന്‍NEWS MALAYALAM 24X7
Published on

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്‍ ആശുപത്രി വിട്ടു. ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടര മാസമായി ചികിത്സയിലായിരുന്നു. മെയ് 25 നായിരുന്നു അഫാൻ്റെ ആത്മഹത്യാ ശ്രമം.

പൂജപ്പുര ജയിലിലെ ശുചിമുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിച്ച അഫാനെ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു പ്രതി.

കഴിഞ്ഞ ഫെബ്രുവരി 24 നാണ് അഫാന്‍ അഞ്ച് പേരെ കൊലപ്പെടുത്തിയത്. കേരളം ഞെട്ടിയ കൂട്ടക്കൊലപാതകമായിരുന്നു വെഞ്ഞാറമൂട് നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, സുഹൃത്ത് ഫര്‍സാന. അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാവ് ഷെമി ദീര്‍ഘനാളത്തെ ചികിത്സയ്ക്കു ശേഷമാണ് രക്ഷപ്പെട്ടത്.

വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി അഫാന്‍ തന്നെയാണ് കൊലപാതക വിവരം പൊലീസിനോട് ഏറ്റുപറഞ്ഞത്. കുടുംബത്തിന്റെ കടബാധ്യതയാണ് കൊലപാതകത്തിന് കാരണമെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്. എലിവിഷം കഴിച്ചതിനു ശേഷമായിരുന്നു ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. സല്‍മാ ബീവിയെ കൊലപ്പെടുത്തിയതോടെയാണ് അഫാന്‍ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് മറ്റ് നാല് പേരെക്കൂടി കൊലപ്പെടുത്തിയശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഞായറാഴ്ചകളില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ക്ക് സിനിമാ പ്രദര്‍ശനമുണ്ട്. ഇതിനിടയിലാണ് അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. സിനിമാ പ്രദര്‍ശനത്തിനായി പത്യേക സെല്ലില്‍ പാര്‍പ്പിച്ചിരുന്ന അഫാനെ ജയില്‍ ഉദ്യോഗസ്ഥന്‍ പുറത്തേക്കിയിരുന്നു. അതിനിടെ തനിക്ക് ശുചിമുറിയില്‍ പോകണമെന്ന് പ്രതി ആവശ്യപ്പെട്ടു. അനുവാദം നല്‍കിയ ഉദ്യോഗസ്ഥന്റെ കണ്ണ് വെട്ടിച്ച് അഫാന്‍ ഉണക്കാനിട്ടിരുന്ന മുണ്ട് കൈക്കലാക്കി ശുചിമുറിക്കുള്ളില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ഉദ്യോഗസ്ഥന്‍ ബോധമില്ലാതെ കിടന്ന അഫാന് സിപിആര്‍ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com