തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഹൃദ്രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിൻ്റെ ഭാഗമായി ഒരാളും ബന്ധപ്പെട്ടില്ലെന്ന് വേണുവിൻ്റെ ഭാര്യ സിന്ധു ന്യൂസ് മലയാളത്തോട് പറഞ്ഞു. ചികിത്സ നിഷേധം ഉണ്ടായി. അന്വേഷണത്തിൻ്റെ ഭാഗമായി ആരെങ്കിലും വിളിക്കുമെന്ന് കരുതി. ഒരാളും ബന്ധപ്പെട്ടില്ല. മാനുഷിക പരിഗണന കാണിക്കാമായിരുന്നെന്നും അതും ഉണ്ടായില്ലെന്നും സിന്ധു പറഞ്ഞു.
"വേണു പറഞ്ഞ പോലെ നായ്ക്കളെ കാണുന്നതുപോലെയാണ് സർക്കാർ തങ്ങളെ കാണുന്നത്. എന്തിനു വേണ്ടിയാണ് ഡോക്ടന്മാരെ രക്ഷിക്കാൻ ശ്രമിക്കുന്നത്? ആകെയുള്ള കൂട്ടാണ് നഷ്ടപ്പെട്ടത്. ക്രിയാറ്റിൻ കൂടുതലാണെന്ന് പറഞ്ഞിട്ടില്ല. അവിടെ ഉണ്ടായിരുന്ന കൂട്ടിരിപ്പുകാരിൽ നിന്ന് വിവരങ്ങൾ തേടണം. അപ്പോൾ അറിയാം സത്യാവസ്ഥ?, സിന്ധു പറഞ്ഞു.
ഒരു ജീവൻ വെച്ചാണ് അവർ കളിച്ചതെന്നും സിന്ധു. മുതിർന്ന ഡോക്ടർന്മാർ വന്ന് കണ്ടിട്ടില്ല. ഒന്നും പറഞ്ഞിട്ടും ഇല്ല. എന്തേലും പറഞ്ഞിരുന്നുവെങ്കിൽ എവിടെയെങ്കിലും കൊണ്ടുപോയി രക്ഷപ്പെടുത്തിയേനെ. ഞാനും ഭർത്താവും നേരിട്ട അനുഭവമാണ് പറഞ്ഞത്. ആൻജിയോഗ്രാം കൊല്ലത്ത് ഇല്ലാത്തതിനാലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും സിന്ധു പറഞ്ഞു.