തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വച്ച് കൊല്ലം സ്വദേശി വേണു മരിച്ചത് ചികിത്സാ പിഴവുമൂലമാണെന്ന പരാതിയിലെ അന്വേഷണത്തിൽ കുടുംബത്തിന്റെ ഭാഗം കൂടി കേൾക്കാൻ തീരുമാനം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കില്ല. വിദഗ്ധ സമിതി വേണുവിന്റെ ഭാര്യയുടെ മൊഴിയെടുക്കും. അതിനുശേഷം മാത്രമേ റിപ്പോർട്ട് സമർപ്പിക്കുകയുള്ളു.
വേണുവിന് സാധ്യമായ ചികിത്സകളും നൽകിയെന്നും കാര്യങ്ങൾ ഗുരുതരമാക്കിയത് ശ്വാസകോശത്തിലെ നീർക്കെട്ട് ആണെന്നുമായിരുന്നു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞത്. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കൂടുതലാണ്. ഇതാണ് രോഗികളെ നിലത്ത് കിടത്താൻ കാരണം. റഫറൽ സംവിധാനം ശക്തമാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.
റിപ്പോർട്ടിന് പിന്നാലെ അന്വേഷണത്തിൻ്റെ ഭാഗമായി ഒരാളും ബന്ധപ്പെട്ടില്ലെന്ന് വേണുവിൻ്റെ ഭാര്യ സിന്ധു ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു. ചികിത്സ നിഷേധം ഉണ്ടായി. അന്വേഷണത്തിൻ്റെ ഭാഗമായി ആരെങ്കിലും വിളിക്കുമെന്ന് കരുതി. ഒരാളും ബന്ധപ്പെട്ടില്ല. മാനുഷിക പരിഗണന കാണിക്കാമായിരുന്നെന്നും അതും ഉണ്ടായില്ലെന്നും സിന്ധു പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കുടുംബത്തിന്റെ ഭാഗം കേൾക്കാൻ സർക്കാർ തയ്യാറായത്.