കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡൻ്റ് എൻ. വാസുവിന് ഇന്ന് നിർണായകം. ജാമ്യ അപേക്ഷയിൽ കൊല്ലം കോടതി ഇന്ന് വിധി പറയും. സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ജാമ്യ അപേക്ഷയിലെ ആവശ്യം. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് വാസു ജാമ്യം തേടിയത്. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ. വാസു.
എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. ജാമ്യ ഹര്‍ജിയിൽ ഇന്ന് വിധി പറയുമെന്നുമാണ് ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി വ്യക്തമാക്കിയത്. വിവേചനം കാണിക്കാൻ പറ്റില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതുവരെ നാലു പ്രതികളാണ് കേസിൽ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലും ഇന്നലെ വാദം പൂർത്തിയായിരുന്നു. തന്ത്രിക്കും ഭാര്യയ്ക്കും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ രണ്ട് കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം ദൃഢമാണെന്നും എസ്ഐടി കോടതിയിൽ വാദിച്ചു. കേസിൽ ഈ മാസം 18നാണ് കോടതി വിധി പറയുക.
അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ മുൻ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമർപ്പിച്ച മൂൻകൂർ ജാമ്യപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യം. ജയശ്രീയിലെ അറസ്റ്റ് നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്.