

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും, അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ പ്രതിഭാഗം കോടതിയിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, രാഹുലിന് ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയുടെ ജീവന് തന്നെ ആപത്താണെന്നും തെളിവു നശിപ്പിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജാമ്യ ഹർജിയെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ, ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ രാഹുൽ പ്രതിയാണെന്ന കാര്യവും ചൂണ്ടിക്കാട്ടി.
മണിക്കൂറുകളോളം നീണ്ട വിശദമായ വാദത്തിന് ശേഷം സെഷന്‍സ് കോടതി ജഡ്ജി എന്‍. ഹരികൃഷ്ണന്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് രാഹുൽ റിമാൻഡിൽ ഉള്ളത്. മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ്.