
ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോര്‍ജ് (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മണിപ്പാലിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മാധ്യമപ്രവര്‍ത്തകന്‍, രാഷ്ട്രീയ കോളമിസ്റ്റ്, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ രാജ്യാന്തരശ്രദ്ധ നേടിയ വ്യക്തിയായിരുന്നു.
ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച്ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എകണോമിക് റിവ്യൂ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോംബെ ഫ്രീ പ്രസ് ജേർണലിലൂടെയാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. ഹോംങ്കോങ്ങില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരായിരുന്നു.
2010 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ പത്രാധിപസമിതി ഉപദേശകനായിരുന്നു. പത്തനംതിട്ടയിലെ തുമ്പമണ്ണിലാണ് ടി.ജെ.എസിന്റെ കുടുംബവേരുകള്‍. 1928 മെയ് 7 ന് മജിസ്‌ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി ജനിച്ചു.
മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഓണേഴ്‌സ് ബിരുദം നേടി. 1950 ലാണ് ഫ്രീ പ്രസ് ജേര്‍ണലില്‍ പ്രവേശിക്കുന്നത്.
കൃഷ്ണമേനോന്‍ (1964), ലീ ക്വാന്‍ യെവ്(1973), ദി ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് നര്‍ഗീസ്, ദി എന്‍ക്വയര്‍ ഡിക്ഷ്ണറി: ഐഡിയാസ്, ഇഷ്ഷ്യൂസ്, ഇനൊവേഷന്‍സ്(1998), ദി ലെസ്സന്‍സ് ഇന്‍ ജേര്‍നലിസം-ദി സ്റ്റോറി ഓഫ് പോത്തന്‍ ജോസഫ്(2007), റിവോള്‍ട്ട് ഇന്‍ മിന്‍ഡാനോ: ദി റൈസ് ഓഫ് ഇസ്ലാം ഇന്‍ ഫിലിപ്പൈന്‍സ് പൊളിറ്റിക്‌സ് (1980), എം.എസ്.-എ ലൈഫ് ഇന്‍ മ്യൂസിക് (2004), ഘോഷയാത്ര (ആത്മകഥ), ഒറ്റയാന്‍ (ലേഖന സമാഹാരം) എന്നിങ്ങനെ പതിനാറോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ബഷീര്‍ പുരസ്‌കാരം, രാജ്യോത്സവ പുരസ്‌കാരം, സി.എച്ച്. മുഹമ്മദ് കോയ പത്രപ്രവര്‍ത്തക പുരസ്‌കാരം(2005), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2009), പത്രിക അക്കാദമി പുരസ്‌കാരം(2001), പത്മഭൂഷണ്‍ പുരസ്‌കാരം (2011), 'ഗള്‍ഫ് മാധ്യമം' ഏര്‍പ്പെടുത്തിയ കമലാ സുരയ്യ പുരസ്‌കാരം (2015) എന്നിവയും ലഭിച്ചിട്ടുണ്ട്.
ഭാര്യ: അമ്മു, മക്കള്‍: കവിയും നോവലിസ്റ്റുമായ ജീത് തയ്യില്‍, ഷേബ തയ്യില്‍.