

തൃശൂർ: ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനും കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തിനുമെതിരെ കൈക്കൂലി ആരോപണം. തൃശൂർ താണിക്കുടം സ്വദേശി ദേവേന്ദ്രൻ്റെ പരാതിയെ തുടർന്നാണ് തൃശൂർ വിജിലൻസ് കോടതി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.
കോൺഗ്രസ് പ്രവർത്തകനായിരുന്ന ദേവേന്ദ്രൻ്റെ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് 5 ലക്ഷം രൂപ വേണമെന്ന് സനീഷ് കുമാർ ആവശ്യപ്പെട്ടെന്നും പിന്നീട് രണ്ട് ലക്ഷം രൂപയായി കുറച്ചെന്നും പരാതിക്കാരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇതേകാരണം പറഞ്ഞാണ് രാജേന്ദ്രൻ അരങ്ങത്തും പണം ആവശ്യപ്പെട്ടതെന്നും ഇതിന് ചില റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്നുമാണ് ആരോപണം.
വിവിധ കേന്ദ്രങ്ങളിൽ ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടി ഇല്ലാതായതോടെയാണ് വിജിലൻസ് കോടതിയിൽ സ്വകാര്യ അന്യായം നൽകിയതെന്നും പരാതിക്കാരൻ പറഞ്ഞു. അതേസമയം തങ്ങൾക്കെതിരായ പരാതി വ്യാജമാണെന്നും പാർട്ടിക്കുള്ളിൽ തന്നെയുള്ള ചിലരാണ് ദേവേന്ദ്രന് പിന്നിലെന്നും കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പറഞ്ഞു. എംഎൽഎ സനീഷ് കുമാർ ജോസഫുമായി കൂടിയാലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും രാജേന്ദ്രൻ വ്യക്തമാക്കി.