കിഫ്‌ബി ഫണ്ടിൽ ഭൂമി ഏറ്റെടുക്കൽ; കണ്ണൂരിൽ കിൻഫ്രക്കായി ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടെന്ന് വിജിലൻസ്

നിയമപരമായ രേഖകളില്ലാതെ സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരുന്ന ഭൂമിക്ക് വൻതുക നഷ്ടപരിഹാരമായി അനുവദിച്ചെന്നാണ് പ്രധാന കണ്ടെത്തൽ
കിഫ്‌ബി ഫണ്ടിൽ ഭൂമി ഏറ്റെടുക്കൽ; കണ്ണൂരിൽ കിൻഫ്രക്കായി ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടെന്ന് വിജിലൻസ്
Published on: 
Updated on: 

കണ്ണൂർ: കിൻഫ്രക്കായി കണ്ണൂരിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച്  ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടെന്ന് വിജിലൻസ്. നിയമപരമായ രേഖകളില്ലാതെ ഭൂമിക്ക് വൻതുക നഷ്ടപരിഹാരം അനുവദിച്ചെന്നാണ് കണ്ടെത്തൽ. ഉപയോഗ യോഗ്യമല്ലാത്ത ഭൂമിയാണ് ഏറ്റെടുത്തത് എന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് വിജിലൻസ് കണ്ടെത്തൽ. എന്നാൽ വ്യവസായത്തിന് ഭൂമി കരുതി വെക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണ് സിപിഐഎം നിലപാട്.

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ കിൻഫ്രാ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുത്ത നടപടികളിലാണ് വിജിലൻസ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. നിയമപരമായ രേഖകളില്ലാതെ സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരുന്ന ഭൂമിക്ക് വൻതുക നഷ്ടപരിഹാരമായി അനുവദിച്ചെന്നാണ് പ്രധാന കണ്ടെത്തൽ. സർക്കാർ നിയമാനുസൃതമായി ഏറ്റെടുത്ത ഭൂമിക്ക് സ്വകാര്യ വ്യക്തികളിൽ നിന്ന് നികുതി സ്വീകരിച്ച് കൈവശ സർട്ടിഫിക്കറ്റ് അനുവദിച്ചതായും വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായി.

അനർഹരായ സ്വകാര്യ വ്യക്തികൾക്ക് ഭൂമിയുടെ അവകാശം ലഭിക്കുന്നതിന് ഇത് വഴി സാഹചര്യമൊരുക്കിയെന്നും , സർക്കാരിന് വൻ സാമ്പത്തിക നഷ്ടം വരുത്തിയെന്നുമായിരുന്നു പരാതി. കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പട്ടാന്നൂർ, കീഴല്ലൂർ, കോളാരി വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മട്ടന്നൂരിൽ പ്രവർത്തിച്ചുവന്ന സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

കിഫ്‌ബി ഫണ്ടിൽ ഭൂമി ഏറ്റെടുക്കൽ; കണ്ണൂരിൽ കിൻഫ്രക്കായി ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടെന്ന് വിജിലൻസ്
"കിഫ്ബിയിൽ ബാക്കിയുള്ളത് പതിനായിരം കോടി"; മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി തോമസ് ഐസക്

അതേസമയം സ്ഥലം ഏറ്റെടുപ്പിൽ രാഷ്ട്രീയ ആരോപണങ്ങളും ശക്തമാണ്. കണ്ണൂരിൽ ആദ്യ ഘട്ടത്തിൽ ആയിരം ഏക്കർ ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു. മട്ടന്നൂർ വെള്ളപുറത്ത് 500 ഏക്കർ ഭൂമി ഏറ്റെടുക്കുകയും 313 ഏക്കർ ഏറ്റെടുക്കാൻ വിജ്ഞാപനം ഇറക്കുകയും ചെയ്തിട്ടുണ്ട്. 3 വർഷം മുൻപ് ഏറ്റെടുത്ത ഈ ഭൂമിയിൽ ഏറെയും ചെങ്കൽ ഖനനം നടത്തി ഉപേക്ഷിച്ച സ്ഥലമാണ്. വൻ വില നൽകി ഏറ്റെടുത്ത ഭൂമി ഉപയോഗ യോഗ്യമാക്കാനും അടിസ്ഥാന സൗകര്യം ഒരുക്കാനും സ്ഥലത്തിന്റെ വിലയോളം തന്നെ പണം ചെലവഴിക്കേണ്ടി വരുമെന്നും ആശങ്കയുണ്ട്.

പട്ടാന്നൂർ, ചെറുവാഞ്ചേരി, കല്ല്യാട് മേഖലകളിൽ ഭൂമി ഏറ്റെടുത്തതിലും സമാന ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് സിപിഐഎം വിശദീകരണം. വ്യവസായ പാർക്കിനായി കൂടുതൽ സ്ഥലം ആവശ്യമായത് കൊണ്ടാണ് കിൻഫ്ര ഇവിടെ ഭൂമി ഏറ്റെടുത്തതെന്ന് അധികൃതരും പറയുന്നു.

News Malayalam 24x7
newsmalayalam.com